കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ യുവതിയുടെ മാതാപിതാക്കളോട് സംസാരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവദിവസം മൂന്ന് തവണയാണ് ആശുപത്രിയിൽ നിന്നും യുവതിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് സന്ദേശം എത്തിയത്. ഇതിൽ മൂന്നാമത്തെ ഫോൺ കോളിലാണ് മരണവിവരം പറയുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആശുപത്രി അധികൃതർ ഈ സന്ദേശങ്ങളിൽ പറയുന്നത്.
ആശുപത്രി സൂപ്രണ്ടാണ് ആദ്യത്തെ ഫോൺകോളിൽ സംസാരിക്കുന്നത്. മകൾക്ക് സുഖമില്ലെന്നും, അതിനാൽ എത്രയും വേഗം ആശുപത്രിയിൽ എത്തണമെന്നുമാണ് ആദ്യത്തെ കോളിൽ സൂപ്രണ്ട് മാതാപിതാക്കളോട് പറയുന്നത്. എന്തോ പ്രശ്‌നമുണ്ടെന്ന് സംസാരത്തിൽ നിന്ന് മനസിലാക്കിയ ഇവർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നു. യുവതിക്ക് സുഖമില്ലെന്നും, അവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയാണെന്നും എത്രയും വേഗം എത്തണമെന്നുമാണ് ഇതിൽ പറയുന്നത്.
യുവതിയുടെ അച്ഛൻ വീണ്ടും ഈ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ നിങ്ങൾ ഇവിടെ എത്തുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ നിങ്ങളോട് പറയുമെന്നാണ് സൂപ്രണ്ട് പറയുന്നത്. വീട്ടലുള്ളവരുടെ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതാണെന്നും പറഞ്ഞാണ് ഈ ഫോൺ കോൾ അവസാനിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ രണ്ടാമത്തെ ഫോൺ കോളും വരുന്നു.
യുവതിയുടെ നില അതീവ ഗുരുതരമാണെന്നും, അതിനാൽ എത്രയും വേഗം എത്തണമെന്നുമാണ് ഇതിൽ പറയുന്നത്. അവിടെ സംഭവിച്ചത് എന്താണെന്ന് വീണ്ടും യുവതിയുടെ അച്ഛൻ ചോദിക്കുമ്പോൾ ഡോക്ടർമാർ കാര്യങ്ങൾ പറയുമെന്ന മറുപടിയാണ് നൽകുന്നത്. ആരാണ് വിളിക്കുന്നത് എന്ന ചോദ്യത്തിന് താൻ അസിസ്റ്റന്റ് സൂപ്രണ്ടാണെന്നും ഡോക്ടറല്ലെന്നുമാണ് മറുപടി ലഭിക്കുന്നത്. അവിടെ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് യുവതിയുടെ അച്ഛൻ ചോദിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നൽകാതെ ഫോൺ കോൾ അവസാനിപ്പിക്കുന്നു.
മൂന്നാമത്തെയും അവസാനത്തേതുമായ ഫോൺകോളിലാണ് യുവതി മരിച്ചുവെന്ന കാര്യം മാതാപിതാക്കളോട് ആശുപത്രി അധികൃതർ വെളിപ്പെടുത്തുന്നത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് ഈ സന്ദേശത്തിൽ വിളിച്ചയാൾ പറയുന്നത്. പൊലീസ് സംഭവസ്ഥലത്തുണ്ടെന്നും, എല്ലാവരുടേയും മുന്നിൽ വച്ചാണ് ഫോൺ വിളിക്കുന്നതെന്നും അസിസ്റ്റന്റ് സൂപ്രണ്ട് പറയുന്നു.
ഈ മാസം ഒൻപതാം തിയതിയാണ് യുവതിയെ സെമിനാർ ഹാളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവിൽ വോളണ്ടിയറെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സൂപ്രണ്ടിനേയും പൊലീസ് ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ 14 മണിക്കൂർ കാലതാമസം വന്നതിലുൾപ്പെടെ ഈ സംഭവം കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും ആശുപത്രി അധികൃതർക്കും വലിയ വീഴ്‌ച്ച സംഭവിച്ചതായും സുപ്രീംകോടതിയും വിമർശനം ഉന്നയിച്ചിരുന്നു.