ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ 150ഓളം ക്യാബിൻ ക്രൂ അംഗങ്ങളെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പോകാൻ നിർദേശം നൽകി സ്‌പൈസ് ജെറ്റ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്. എയർപോർട്ട് ഫീസിൽ കുടിശ്ശിക വരുത്തിയതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും നിരീക്ഷണം ശക്തമാക്കിയിരുന്നു.
വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് ജീവനക്കാരെ നിർബന്ധിത അവധിക്ക് അയച്ചത്. മൂന്ന് മാസത്തേക്കാണ് ശമ്പളമില്ലാത്ത അവധിയിൽ പോകാനാണ് ജീവനക്കാരോട് നിർദേശിച്ചത്. താത്കാലികമായി ഇവരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും, സ്‌പൈസ് ജെറ്റിനെ സംബന്ധിച്ച് ഇത് വിഷമകരമായ തീരുമാനമാണെന്നും എയർലൈൻ വക്താവിന്റെ പ്രസ്താവനയിൽ പറയുന്നു.
വളരെ ചുരുക്കം വിമാനങ്ങൾ മാത്രമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്. ജീവനക്കാരെ ഒരിക്കലും പിരിച്ചുവിടില്ലെന്നും, ജീവനക്കാരുടേതായ എല്ലാ ആനുകൂല്യങ്ങളും നിലവിൽ ഇതുവരെ എടുക്കാതെ വച്ച അവധികളെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള നീക്കം സ്‌പൈസ് ജെറ്റ് വേഗത്തിലാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിച്ച് ജീവനക്കാരെ തിരികെ വിളിക്കുമെന്നും എയർലൈൻ പ്രസ്താവനയിൽ പറയുന്നു.
അതേസമയം അപ്രതീക്ഷിതമായി സ്‌പൈസ് ജെറ്റ് സർവ്വീസുകൾ റദ്ദാക്കിയത് യാത്രക്കാരേയും ദുരിതത്തിലാക്കി. ദുബായിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള ഇടങ്ങളിലേക്കുള്ള സർവ്വീസുകൾ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അവസാനനിമിഷമാണ് യാത്രക്കാരിൽ പലർക്കും ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചത്. തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യാൻ ബുക്ക് ചെയ്തവർക്ക് മറ്റ് എയർലൈനുകളിൽ യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കുകയോ റീഫണ്ട് നൽകുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.