മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ മാത്രമല്ല സമ്പദ്‌വ്യവസ്ഥയും വിപണിയുമടക്കം ഉത്സവകാലം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഒരുകാലത്ത് ഇതരരാജ്യക്കാർ ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് അവർ ഇന്ത്യയിലെ ഫിൻടെക് വൈവിധ്യങ്ങളെയും പ്രശംസിക്കുകയാണ്. ഇന്ത്യയിലെ ഫിൻടെക് വിപ്ലവം സാമ്പത്തിക മേഖലയിൽ വിവിധതരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് കാരണമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 31 ബില്യൺ ഡോളറിന് മുകളിലുള്ള നിക്ഷേപങ്ങൾ ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ ദശാബ്ദത്തിനിടെ നമ്മുടെ ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ച 500 ശതമാനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിയോ ബാങ്കിംഗ് അഥവാ ഡിജിറ്റൽ ബാങ്കിംഗ് എന്ന ആശയം നമുക്ക് മുന്നിലുണ്ട്. അതിനാൽ ഒരു ഉത്പന്നം സൃഷ്ടിക്കുമ്പോൾ അത് പ്രാദേശികമാണെങ്കിൽ പോലും അതിനെ ആഗോളതലത്തിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കുന്നു. ഫിൻടെക് മേഖലയിൽ ഇന്ത്യയുടെ കൈവരിച്ച മികവ് ഉയർത്തിക്കാട്ടാൻ ഭാരതത്തിലെ യുപിഐ സംവിധാനം ഏറെ സഹായിച്ചിട്ടുണ്ട്. കൊറോണ മഹാമാരിക്കാലത്ത് ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് ബാങ്കിംഗ് സേവനങ്ങൾ സുഗമമായി നടത്തിയത്. അതിലൊന്ന് ഇന്ത്യയായിരുന്നുവെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിൽ സുതാര്യത നടപ്പിലാക്കപ്പെട്ടത് എങ്ങനെയെന്ന് നാം കണ്ടുകഴിഞ്ഞു. നൂറുകണക്കിന് സർക്കാർ പദ്ധതികളിലൂടെ നേരിട്ടാണ് ആനുകൂല്യം കൈമാറുന്നത്. സംവിധാനങ്ങളിലുണ്ടായിരുന്ന ചോർച്ച അതിനാൽ ഒഴിവായി. ഔപചാരികമായ സംവിധാനത്തിന്റെ ഭാഗമാകുമ്പോഴുണ്ടാകുന്ന പ്രയോജനം ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. ഇന്ത്യയിൽ സംഭവിച്ച ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ഫിൻടെക് വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. കേവലം സാങ്കേതികമേഖലയിൽ മാത്രമല്ല, സാമൂഹികപരമായും സ്വാധീനിക്കാൻ ഫിൻടെക്കിന് കഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഫിൻടെക്കിന് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് സൃഷ്ടിക്കുന്ന ആശങ്കകൾ താൻ മനസ്സിലാക്കുന്നുവെന്നും, എഐ സാങ്കേതികവിദ്യക്ക് വേണ്ടി ആഗോള ചട്ടക്കൂട് നടപ്പിലാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. AIയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ മനസിലാക്കുന്നു. അതുകൊണ്ടാണ് AIയുടെ ധാർമ്മിക ഉപയോഗത്തിന് ആഗോള ചട്ടക്കൂട് സൃഷ്ടിക്കാൻ ഇന്ത്യയും ആവശ്യപ്പെട്ടത്. ഫിൻടെക് സെക്ടറിനെ സഹായിക്കാൻ നയപരമായ പല തീരുമാനങ്ങളും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അടുത്തിടെ എയ്ഞ്ചൽ ടാക്സ് നീക്കം ചെയ്തതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.