ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ സുപ്രീംകോടതിയ അപഹസിച്ച് നടത്തിയ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസ്സും, ബിജെപിയും തമ്മിലുള്ള ഡീൽ വഴിയാണ് കെ.കവിതയ്‌ക്ക് ജാമ്യം ലഭിച്ചതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വാദം. ഈ പരാമർശത്തിൽ രേവന്ത് റെഡ്ഡിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹം മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്.
രേവന്ത് റെഡ്ഡി നടത്തിയ പ്രസ്താവനയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ” ഉത്തരവാദിത്വബോധമുള്ള ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഒരിക്കലും ഇത്തരത്തിലൊരു പരാമർശം പ്രതീക്ഷിച്ചില്ല. ഏതെങ്കിലും രാഷ്‌ട്രീയപാർട്ടിയുമായി ചർച്ച നടത്തിയിട്ടാണ് രാജ്യത്തെ പരമോന്നത കോടതി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? ഈ രീതിയിലാണ് ചിന്തിക്കുന്നതെങ്കിൽ രാജ്യത്തെ പരമോന്നത നീതി പീഠത്തിൽ നിങ്ങൾക്ക് വിശ്വാസമില്ലെന്നാണ് അതിനർത്ഥമെന്നും” ജസ്റ്റിസ് ഭൂഷൺ ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
എന്നാൽ രാജ്യത്തെ പരമോന്നത നീതി പീഠത്തിൽ തനിക്ക് വളരെ അധികം ബഹുമാനവും വിശ്വാസവുമുണ്ടെന്ന് രേവന്ത് റെഡ്ഡി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ചില പത്രവാർത്തകൾ താൻ കോടതിയെ ചോദ്യം ചെയ്യുന്ന ആളാണെന്ന പ്രതീതി ഉണ്ടാക്കിയതായി രേവന്ത് റെഡ്ഡി പറയുന്നു. എന്നാൽ രാജ്യത്തെ കോടതികളിലും പ്രക്രിയകളിലും വളരെ അധികം വിശ്വാസമർപ്പിക്കുന്ന ഒരു വ്യക്തിയാണെന്നും, പുറത്ത് വന്ന റിപ്പോർട്ടുകളിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. രാജ്യത്തിന്റെ ഭരണഘടനയിലുള്ള ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും, സുപ്രീകോടതിയുടെ ഓരോ നടപടികളേയും അതേ ബഹുമാനത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.















