എറണാകുളം: വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു മാസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പുനരധിവാസം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റി താമസിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഹോട്ടലുകൾ ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് പുനരധിവാസം ഒരുക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം. സർക്കാർ സഹായത്തിൽ നിന്നും ബാങ്കുകൾ ഇഎംഐ പിടിച്ചാൽ കോടതിയെ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ബാങ്കുകൾ ഇഎംഐ പിടിച്ചാൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം. ദുരിതബാധിതർക്കൊപ്പം നിൽക്കാൻ ബാങ്കുകൾക്ക് ഭരണഘടനാ ബാധ്യതയുണ്ട്. വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതിൽ ദേശസാൽകൃത ബാങ്കുകളുടെ നിലപാട് അറിയിക്കണം. ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പിനെതിരായതിനാൽ ടൗൺഷിപ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോൾ സർക്കാർ നടപടികൾ മെല്ലപ്പോക്കിലാണെന്ന വിമർശനം ശക്തമാണ്. ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്നും ദുരിതബാധിതരിൽ നിന്നും ഇതിനകം വിമർശനം ഉയരുന്നുണ്ട്. വയനാടിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉൾപ്പെടെ വലിയ തോതിൽ സഹായം ലഭിക്കുന്നുണ്ട്. എന്നാൽ ഇത് ദുരിതബാധിതരിലേക്ക് എത്തുന്നതിൽ കാലതാമസം നേരിടുന്നുവെന്നാണ് വിമർശനം. അതേസമയം ധനസഹായം എല്ലാവരിലും ഒരുമിച്ച് എത്തിക്കുന്നതിന് ചില പരിമിതികളുണ്ടെന്നും പുനരധിവാസം ഉടൻ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.