ഗുവാഹത്തി: വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ഇടവേള നൽകുന്ന നിയമം ഭേദഗതി ചെയ്ത് അസം. നിയമസഭയിൽ മുസ്ലീം സഭാംഗങ്ങൾക്ക് വെള്ളിയാഴ്ച ദിവസം ജുമുഅ പ്രാർത്ഥനയ്‌ക്കായി രണ്ട് മണിക്കൂർ ഇടവേള നൽകുന്ന നിയമമാണ് സംസ്ഥാനത്ത് ഭേദഗതി ചെയ്തത്. നിയമസഭയുടെ ഉത്പാദനക്ഷമതയ്‌ക്ക് നടപടി സഹായകരമാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കൊളോണിയൽ കാലത്തെ മറ്റൊരു അവശേഷിപ്പ് കൂടി ഇതോടെ ഇല്ലാതായെന്നും അദ്ദേഹം പ്രതികരിച്ചു.
1937ൽ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുള്ളയാണ് വെള്ളിയാഴ്ച ദിവസം 2 മണിക്കൂർ ഇടവേള നൽകുന്ന സമ്പ്രദായം കൊണ്ടുവന്നത്. 87 വർഷമായി തുടരുന്ന ഈ രീതിക്ക് അസം നിയമസഭ ഒടുവിൽ അന്ത്യം കുറിച്ചിരിക്കുകയാണ്. ഇതൊരു ചരിത്ര തീരുമാനമാണെന്നും അസം നിയമസഭയുടെ ഉത്പാദനക്ഷമതയ്‌ക്കും പുരോഗതിക്കും മുൻഗണന നൽകി നിയമം ഭേദഗതി ചെയ്യാൻ പിന്തുണച്ച നിയമസഭാംഗങ്ങൾക്കും സ്പീക്കറിനും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സ്പീക്കർ ബിശ്വജിത് ദൈമാരിയുടെ നേതൃത്വത്തിലുള്ള റൂൾസ് കമ്മിറ്റിയാണ് നിയമഭേദഗതി ചെയ്തത്. ആഴ്ചയിലെ മറ്റ് ദിവസങ്ങളിൽ പാലിക്കാത്ത ഒരു സമ്പ്രദായമായതിനാലും ഭരണഘടനയുടെ മതേതര സ്വഭാവം മുറുകെ പിടിക്കുന്നതിനുമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ജുമുഅ ഇടവേള നൽകുന്നതിനാൽ വെള്ളിയാഴ്ച ദിവസം രാവിലെ 11 മണിക്ക് സഭാനടപടികൾ നിർത്തിവയ്‌ക്കുകയും രണ്ട് മണിക്കൂറിന് ശേഷം പുനരാരംഭിക്കുകയും ചെയ്യുന്നതായിരുന്നു പതിവ്. മുസ്ലീം അംഗങ്ങൾക്ക് നമസ് ചെയ്യുന്നതിനും പ്രാർത്ഥിക്കുന്നതിനും വെള്ളിയാഴ്ച പ്രത്യേക സൗകര്യമൊരുക്കുന്നതായിരുന്നു നിയമം. എന്നാൽ ആഴ്ചയിലെ മറ്റ് ദിവസങ്ങൾ പോലെ തന്നെ വെള്ളിയാഴ്ചയും സഭാനടപടികളിൽ തടസമുണ്ടാകരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് അസം നിയമസഭയിൽ നിയമം ഭേദഗതി ചെയ്തത്.















