തിയേറ്ററുകളിൽ ആവേശമായി തെലുങ്ക് സൂപ്പർ താരം നാനി നായകനായ ചിത്രം ‘സൂര്യാസ് സാറ്റർഡേ’. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ഡിവിവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കിയത്. നാനിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും എടുത്ത് പറയേണ്ട മറ്റൊരു ഘടകമെന്നാണ് പ്രേക്ഷകാഭിപ്രായം.
പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, ഫോറൻസിക്, കൽക്കി, ജന ഗണ മന, ഇഷ്ക്, പുഴു, കടുവ, കുമാരി, ഇരട്ട, കിംഗ് ഓഫ് കൊത്ത എന്നീ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ജേക്സ് ബിജോയ്. 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ഏയ്ഞ്ചൽസിലൂടെയാണ് ജേക്സ് ബിജോയ് സിനിമാ രംഗത്തേക്ക് വരുന്നത്.
അവിടെ നിന്നും ആരംഭിച്ച സംഗീതയാത്ര ഇന്ന് ‘സൂര്യാസ് സാറ്റർഡേ’യിൽ എത്തി നിൽക്കുമ്പോൾ ലോകം അറിയപ്പെടുന്ന സംഗീത സംവിധായകനായ് അദ്ദേഹം മാറി കഴിഞ്ഞു.
2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപിടി ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്. തിരക്കഥയോളം പ്രധാനപ്പെട്ട മറ്റൊന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും. കംബോസ് ചെയ്യുമ്പോൾ യോജിച്ച രീതിൽ ആയില്ലെങ്കിൽ അരോചകത്തിനപ്പുറം അസ്വസ്ഥത അനുഭവപ്പെടും.
ജേക്സ് ബിജോയിയുടെ ഗാനങ്ങൾക്ക് എന്നും പ്രേക്ഷകരുണ്ട്. പാലാപ്പള്ളിയും കലാപക്കാരുമൊക്കെ ട്രെൻഡിനുപരി പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. ഒടുവിൽ പ്രദർശനത്തിനെത്തിയ നാനി ചിത്രം സൂര്യാസ് സാറ്റർഡേയിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുകയാണ്.















