എറണാകുളം: നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിക്ക് നേരെ ഭീഷണി സന്ദേശങ്ങൾ. ഫെയ്‌സ്ബുക്കിലൂടെ ജയസൂര്യയുടെ ആരാധകർ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് നടി പങ്കുവച്ചു. സൈബറാക്രമണവും നടക്കുന്നുണ്ടെന്ന് നടി പറഞ്ഞു.
” ഡീ വല്ല കള്ളക്കേസുമാണെങ്കിൽ പിന്നെ ഉള്ളത് ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾക്ക് ജയേട്ടാണ് വലുത്”, നിന്റെ ഫുൾ ഡീറ്റൈൽസ് ഞങ്ങൾ പുറത്തുവിടും” തുടങ്ങി നിരവധി ഭീഷണി സന്ദേശങ്ങളാണ് യുവതിക്ക് വന്നത്. ഇതോടെ ഇതിന്റെ സ്‌ക്രീൻ ഷോട്ടെടുത്ത് നടി പങ്കുവയ്‌ക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ ഉത്തരവിന്റെ സ്‌ക്രീൻ ഷോട്ട്. ബാക്കി അവര് നോക്കിക്കൊള്ളും, ഉറവിടവും എന്ന അടിക്കുറിപ്പോടെയാണ് സന്ദേശം നടി പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് ജയസൂര്യക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ നടൻ കടന്നുപിടിച്ചുവെന്നാണ് പരാതി. നടിയുടെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.
ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും നടനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ മറ്റൊരു നടിയുടെ ലൈംഗികാതിക്രമ പരാതിയിലും താരത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.