കൊച്ചി: ജനങ്ങളെ താൻ മാനിക്കും പക്ഷെ ജനങ്ങളെ വഴിതെറ്റിക്കുന്ന രീതിയിൽ മാദ്ധ്യമപ്രവർത്തനം പോയാൽ അതിനോടൊപ്പം സഞ്ചരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഞാൻ ഒരു പച്ച മനുഷ്യനാണ്. വിഷയത്തെയല്ല മാദ്ധ്യമങ്ങളുടെ നിശ്ചയത്തെയാണ് താൻ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മനോരമ കോൺക്ലേവ് 2024 ന്റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം പ്രതികരിക്കില്ലെന്ന് പറഞ്ഞിട്ടും സിനിമാ മേഖലയിലെ വിവാദ വിഷയത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്ന വിഷയത്തെക്കുറിച്ച് മൂന്ന് തവണ പ്രതികരിച്ചതാണ്. മാദ്ധ്യമങ്ങളുടെ പ്ലാൻ അനുസരിച്ച് സഞ്ചരിക്കാനാകില്ല. ഒരു മനുഷ്യനെന്ന നിലയ്‌ക്കും ഒരു അംഗമെന്ന നിലയ്‌ക്കും അമ്മയിലെ വിഷയം പറഞ്ഞിട്ടുണ്ട്. തന്റെ പക്ഷം 2017 മുതൽ പറയുന്നതാണെന്നും അതിൽ എവിടെയാണ് ജനാധിപത്യ വിരുദ്ധതയെന്നും സുരേഷ് ഗോപി ചോദിച്ചു.
പത്രപ്രവർത്തകർക്ക് കോടതിയും ജഡ്ജിയുമാകാൻ കഴിയില്ല. പല തവണയും മേക്കപ്പിട്ട ആളുകളെക്കുറിച്ച് സംസാരിച്ചപ്പോൾ എന്റെ നയം മാറിയിട്ടില്ല. അതിന് രാഷ്‌ട്രീയം തടസമായിട്ടില്ല. അയാൾ ഏത് രാഷ്‌ട്രീയം എന്ന് ഞാൻ ചിന്തിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം തൃശൂരിൽ സ്വകാര്യ സന്ദർശനത്തിനും ഔദ്യോഗിക പരിപാടികൾക്കുമെത്തിയപ്പോഴാണ് മാദ്ധ്യമപ്രവർത്തകർ പിന്നാലെ സഞ്ചരിച്ച് അമ്മയിലെ വിഷയങ്ങളും മുകേഷുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സുരേഷ് ഗോപിയുടെ പ്രതികരണം തേടിയത്. ഒരിടത്ത് ഇതേക്കുറിച്ച് കൃത്യമായ നിലപാട് പറഞ്ഞു. കൂടുതൽ പ്രതികരിക്കാൻ താൽപര്യമില്ലെന്നും അറിയിച്ചു. എന്നാൽ മുകേഷുമായി ബന്ധപ്പെട്ട് പറഞ്ഞ അഭിപ്രായം ചില മാദ്ധ്യമങ്ങൾ വിവാദമാക്കി. ഇതിന് പിന്നാലെ തൃശൂർ രാമനിലയത്തിൽ പുലികളി സംഘങ്ങളുമായി നടന്ന യോഗത്തിൽ പങ്കെടുത്തിറങ്ങവേ മാദ്ധ്യമങ്ങൾ വീണ്ടും വളയുകയായിരുന്നു. വാഹനത്തിൽ കയറാൻ തടസമാകുന്ന വിധത്തിൽ ചാനൽ ക്യാമറകളും മാദ്ധ്യമപ്രവർത്തകരും വഴി തടഞ്ഞതോടെ അദ്ദേഹം വഴി തടസപ്പെടുത്തരുതെന്ന താക്കീതോടെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.