ചെന്നൈ: മൂന്ന് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകൾകൂടി ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ചെന്നൈയിൽ നടക്കുന്ന ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഇതിൽ രണ്ട് ട്രെയിനുകൾ ദക്ഷിണ റെയിൽവേയ്‌ക്ക് വേണ്ടിയാണ് സർവീസ് നടത്തുക.
ചെന്നൈ എഗ്മോർ-നാഗർകോവിൽ, മധുരൈ-ബെംഗളൂരു കന്റോൺമെന്റ്, മീററ്റ്-ലഖ്‌നൗ റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഡോ എംജിആർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലും ദക്ഷിണ റെയിൽവേ സോണിലെ മധുര ജംഗ്ഷനിലുമാണ് ഉദ്‌ഘാടന ചടങ്ങുകൾ നടക്കുക. സെപ്തംബർ രണ്ടിന് പുതിയ സർവീസുകൾ പ്രവർത്തനം ആരംഭിക്കും.
ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. അതേസമയം, മധുര-ബെംഗളൂരു കൻ്റോൺമെൻ്റ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലും പ്രവർത്തിക്കും. നിലവിൽ ആറ് വന്ദേ ഭാരത് ട്രെയിനുകൾ ദക്ഷിണ റയിൽവേയ്‌ക്കുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നതും ദക്ഷിണ റെയിൽവേയിലാണ്.