അബുദാബി: യുഎഇയിൽ ഞായറാഴ്ച ആരംഭിക്കുന്ന പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇന്ത്യൻ എംബസി. യാത്രാരേഖകൾക്കായ് അപേക്ഷകർക്ക് എപ്പോൾ വേണമെങ്കിലും മുസഫയിലെ അൽ റീമിലെയും അൽ ഐനിലെയും ബിഎൽഎസ് കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴ കൂടാതെ രാജ്യം വിടാനും താമസം നിയമാനുസൃതമാക്കാനുമായാണ് യുഎഇ രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്. ഇളവ് പ്രയോജനപ്പെടുത്തുന്നവർക്ക് ആവശ്യമായ യാത്രരേഖകൾ ലഭിക്കാൻ ബിഎൽഎസ് കേന്ദ്രങ്ങളെ സമീപിക്കാം. മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കേണ്ടതില്ലെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകും. അബുദാബി ഇന്ത്യൻ എംബസിയിലെ കോൺസുലാർ ഓഫീസിൽ വൈകിട്ട് നാലിനും ആറിനും ഇടയ്‌ക്ക് എത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കും. അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കും .
യുഎഇയിലെ താമസം നിയമാനുസൃതമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഷോർട്ട് വാലിഡിറ്റി പാസ്പോർട്ടിന് അൽ റീമിലെയും അൽ ഐനിലെയും ബിഎൽഎസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. ഈ രണ്ട് സേവനകേന്ദ്രങ്ങളും ഞായറാഴ്ചകളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ തുറന്നുപ്രവർത്തിക്കും. ഒക്ടോബർ 30ന് ഗ്രേസ് പിരീഡ് കാലാവധി അവസാനിക്കുന്നതുവരെ ഇത് ഇങ്ങനെ തുടരുമെന്നും എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ 0508995583 എന്ന നമ്പറിൽ വിളിക്കാം.