കൊച്ചി: താമരയല്ലായിരുന്നു എങ്കിൽ എന്ന് പറഞ്ഞിടത്ത് ജയിക്കുന്നെങ്കിൽ ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയം ഉറപ്പിച്ചിരുന്നുവെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ആദ്യമായി രാഷ്‌ട്രീയമേതെന്ന് നിശ്ചയിച്ചത് താമരയാണെങ്കിൽ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയ്‌ക്ക് കേരളത്തിലെ ആദ്യ ലോക്‌സഭാ സീറ്റ് തൃശൂരിൽ സമ്മാനിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ മനോരമ കോൺക്ലേവ് 2024 ന്റെ സമാപനവേദിയിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
തൃശൂരിലെ ജനങ്ങൾക്ക് അത് പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടുവന്ന ഒരു നിശ്ചയമാറ്റമല്ല. 2019 ൽ ആദ്യം ലോക്‌സഭയിലേക്ക് മത്സരിക്കാൻ ഒരു പകരക്കാരനായിട്ടാണ് വരുന്നത്. മാർച്ച് 31 ന് വയനാട്ടിലേക്ക് തൃശൂരിലെ സ്ഥാനാർത്ഥി പോകുകയായിരുന്നു. ആ ശൂന്യത നികത്താൻ വേണ്ടി 31 നാണ് തന്നോട് ആവശ്യപ്പെട്ടത്. നാലാം തീയതി നാമനിർദ്ദേശം സമർപ്പിക്കണമായിരുന്നു. 2014 ലെ ഒരു ലക്ഷത്തി രണ്ടായിരം വോട്ടിൽ നിന്ന് 2019 ൽ തൃശൂരിലെ ജനങ്ങൾ അത് മൂന്ന് ലക്ഷത്തിനോട് അടുപ്പിച്ചു. അത് വലിയ ഇന്ധനമായി തോന്നിയെന്നും സുരേഷ് ഗോപി പറഞ്ഞു.
താൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്‌ട്രീയവുമായി കൂട്ടിക്കുഴയ്‌ക്കരുത്. വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് അത്. എന്റെ കുടുംബത്തിന്റെ ആഗ്രഹവും അതിന്റെ സഫലീകരണവുമാണ് ആ നൽകലിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.