ന്യൂഡൽഹി : 1984- ലെ സിഖ് വിരുദ്ധ കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗദീഷ് ടൈറ്റ്ലർക്കെതിരെ കൊലക്കുറ്റം ചുമത്താൻ ഡൽഹി കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു . ഡൽഹി റോസ് അവന്യു കോടതിയുടേതാണ് ഉത്തരവ്.
ടൈറ്റ്ലർക്കെതിരെ കൊലപാതകം, കലാപാഹ്വാനം എന്നീ വകുപ്പുകൾ നിലനിൽക്കുമെന്നു കോടതി പ്രസ്താവിച്ചു . ജഗദീഷ് ടൈറ്റ്ലർക്കെതിരെ സിബിഐ രെജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ നടപടി. കൊലക്കുറ്റം ചുമത്തിയതും സിബിഐ യാണ്.
984 നവംബർ 1-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം ബാദൽ സിംഗ്, സർദാർ ഠാക്കൂർ സിംഗ്, ഗുർബച്ചൻ സിംഗ് എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയതിനും പുൽ ബംഗഷ് ഗുരുദ്വാര കത്തിച്ചതിനുമാണ് കേസ്. അതെ ദിവസം തന്നെ ദൽഹി പോലീസ് കേസെടുത്തിരുന്നു.
2000-ൽ രൂപീകരിച്ച നാനാവതി കമ്മിഷന്റെ ശുപാർശകൾ പ്രകാരം 2005 നവംബറിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) വീണ്ടും കേസ് രജിസ്റ്റർ ചെയ്തു, ആ കേസിൽ അഞ്ച് വർഷത്തിന് ശേഷം റിപ്പോർട്ട് സമർപ്പിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 26 ന് കേസിൽ സമർപ്പിച്ച കുറ്റപത്രം വിചാരണ കോടതി പരിഗണിക്കുകയും ടൈറ്റ്‌ലർക്ക് സമൻസ് അയയ്‌ക്കുകയും ചെയ്തു. ടൈറ്റ്‌ലർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.അദ്ദേഹത്തിന്റെ വ്യക്തിഗത ബോണ്ടുകളും ജാമ്യ ബോണ്ടുകളും സ്വീകരിച്ച കോടതി മുൻകൂർ ജാമ്യം സാധാരണ ജാമ്യമാക്കി മാറ്റി. കൊലപാതകക്കുറ്റം കൂടാതെ സംഘംചേരൽ, നിയമലംഘനം, ആരാധനാലയം അശുദ്ധമാക്കൽ, കലാപമുണ്ടാക്കൽ, തീയിടൽ, മോഷണം എന്നീ കുറ്റങ്ങളും ടൈറ്റ്‌ലർക്കെതിരെ ചുമത്താനും സിബിഐയ്‌ക്ക് ഡൽഹി കോടതി നിർദേശം നൽകി.
ടൈറ്റ്ലർ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായ ആക്രമണത്തിന് ഇടയാക്കിയത് എന്നായിരുന്നു സി ബി ഐയുടെ ആരോപണം.
അന്ന് പാർലമെന്റ് അംഗമായിരുന്നു ടൈറ്റ്ലർ.തന്റെ മണ്ഡലത്തിൽ കൊല്ലപ്പെട്ട സിഖുകാരുടെ എണ്ണം കുറവായതിൽ അദ്ദേഹം നിരാശനാണെന്നും കുറ്റപത്രത്തിൽ ഉണ്ട് . ടൈറ്റ്‌ലർ അന്വേഷണത്തെ സ്വാധീനിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കുറ്റപത്രത്തിൽ പറയുന്നു.















