ന്യൂഡൽഹി: ഭീകരവാദത്തിനെതിരെ കർശന നടപടിയെടുക്കുന്നത് വരെ പാകിസ്താനുമായി തുറന്ന ചർച്ചകൾ നടത്താനാകില്ലെന്ന നിലപാട് ആവർത്തിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അനുകൂലവും പ്രതികൂലവും ആയ ഏതൊരു വിഷയത്തിലും പാകിസ്താനോട് അതിനനുസരിച്ച് പ്രതികരിക്കുമെന്നും ജയശങ്കർ പറയുന്നു. തടസ്സങ്ങളൊന്നുമില്ലാതെ പാകിസ്താനോട് സംഭാഷണത്തിലേർപ്പെടുന്ന യുഗം അവസാനിച്ചുവെന്നും ജയശങ്കർ പറയുന്നു.
നിലവിലെ രീതിയിൽ പാകിസ്താനുമായുള്ള ബന്ധത്തിൽ ഇന്ത്യ സംതൃപ്തരാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചിലപ്പോൾ അതെ എന്നും ചിലപ്പോൾ അല്ല എന്നുമാകും മറുപടിയെന്നാണ് ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്. ” ഒരു വിഷയത്തോടും പ്രതികരിക്കാതെ ഇരിക്കുന്ന കാലമെല്ലാം അവസാനിച്ചു. നമുക്ക് മുന്നിൽ വരുന്ന കാര്യം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഇപ്പോൾ നമ്മൾ ശക്തമായി തന്നെ പ്രതികരിക്കും. പാകിസ്താനുമായി യാതൊരു തടസ്സങ്ങളുമില്ലാതെ ചർച്ചകളും സംഭാഷണങ്ങളുമെല്ലാം നടത്തിയിരുന്ന കാലം അവസാനിച്ചു. ഏതൊരു പ്രവർത്തിക്കും അതിന്റെ അനന്തരഫലമുണ്ടാകുമെന്നും” ജയശങ്കർ പറയുന്നു.
ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്താൻ ക്ഷണിച്ചതായും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്ത് വിട്ട പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കിർഗിസ്ഥാനിൽ നടന്ന യോഗത്തിൽ ജയശങ്കർ പങ്കെടുത്തിരുന്നു. ഇക്കുറി ഇസ്ലാമാബാദിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.















