ന്യൂഡൽഹി: രാജ്യത്തിന് മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കൂടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാകും ഫ്ലാഗ് ഓഫ്. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ഗതാഗതത്തെ സുഗമമാക്കുന്നതിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിർണായക പങ്ക് വഹിക്കും.
ചെന്നൈ സെൻട്രൽ- നാഗർകോവിലിൽ, മധുര-ബെംഗളൂരു കൻ്റോൺമെൻ്റ്, മീററ്റ് സിറ്റി-ലക്നൗ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക.
നാഗർകോവിലിലേക്കുള്ള ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുമെങ്കിലും ചെന്നൈ എഗ്മോറിൽ നിന്നാകും സർവീസ് (ട്രെയിൻ നമ്പർ- 20627) നടത്തുക. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസുണ്ടാകും. ചെന്നൈ എഗ്മോറിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.50-ന് നാഗർകോവിലിലെത്തും, താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടുഗൽ, മധുരൈ, കോവിൽപട്ടി, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ (നമ്പർ 20628) നാഗർകോവിലിൽ നിന്ന് ഉച്ചയ്‌ക്ക് 2.20-ന് പുറപ്പെട്ട് രാത്രി 11-ന് ചെന്നൈയിലെത്തും. മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര, കുമാരി അമ്മൻ ക്ഷേത്രം, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് എത്തുന്ന തീർത്ഥാടകർക്കും സഞ്ചാരികൾക്കും പ്രയോജനപ്രദമാകും.
മധുര-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ (20671) ചൊവ്വാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും സർവീസ് നടത്തും. രാവിലെ 5.15-ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് ഒരു മണിക്ക് ബെംഗളൂരുവിലെത്തും. ദിണ്ടുഗൽ, തിരുച്ചിറപ്പള്ളി, കരൂർ, നാമക്കൽ, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരിച്ചു (ട്രെയിൻ നമ്പർ- 20672) ബെംഗളൂരുവിൽ നിന്ന് 1: 30-ന് പുറപ്പെട്ട് രാത്രി 9:45-ന് മധുരയിൽ എത്തിച്ചേരും.
മീററ്റ് സിറ്റി-ലക്‌നൗ വന്ദേ ഭാരത് (22490) ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തും. മീററ്റ് സിറ്റിയിൽ നിന്ന് രാവിലെ 6.35-ന് പുറപ്പെട്ട് ലക്നൗവിലെ ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്‌ക്ക് 1.45-ന് എത്തിച്ചേരും. മൊറാദാബാദിലും ബറേലിയിലും സ്റ്റോപ്പുകൾ ഉണ്ടാകും. മടക്കയാത്ര (22489) ചാർബാഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്‌ക്ക് 2.45-ന്. രാത്രി പത്തിന് മീററ്റ് സിറ്റിയിൽ എത്തിച്ചേരും. ദിഗംബർ ജൈന ക്ഷേത്രം, മാനസ ദേവി മന്ദിർ, സൂരജ്കുണ്ഡ് ക്ഷേത്രം, ഔഘർനാഥ് ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് അതിവേഗത്തിൽ എത്തിച്ചേരാൻ ഈ സർവീസ് സഹായിക്കും. രാജ്യത്തെ ആത്മീയ ടൂറിസത്തിന് ഉത്തേജനം നൽകുന്നതാണ് പുതിയ വന്ദേ ഭാരത് സർവീസുകൾ.















