ന്യൂഡൽഹി ; വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്ക്കാര ഇടവേള ഒഴിവാക്കി അസം നിയമസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വെള്ളിയാഴ്ചകളിലെ രണ്ട് മണിക്കൂർ നിസ്‌കാര ഇടവേള റദ്ദാക്കുന്നതായി നിയമസഭയിൽ പ്രഖ്യാപിച്ചത്.കൊളോണിയൽ കാലത്തെ സമ്പ്രദായങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു ചുവടുവയ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചേർന്ന നിയമസഭാ റൂൾസ് കമ്മിറ്റി മറ്റ് ദിവസങ്ങളെപ്പോലെ വെള്ളിയാഴ്‌ച്ചകളിലും സഭയുടെ പ്രവർത്തനങ്ങൾ സാധാരണ രീതിയിൽ തുടരാൻ തീരുമാനിച്ചു. 1937-ൽ മുസ്ലീം ലീഗിന്റെ സയ്യിദ് സാദുള്ള നടപ്പാക്കിയ പതിവാണിത്. വെള്ളിയാഴ്ചകളിൽ രാവിലെ 11 മണി മുതലാണ് ഇടവേളകൾ നൽകിയിരുന്നത്. അതേസമയം ഈ “ചരിത്രപരമായ തീരുമാനത്തെ” പിന്തുണച്ചതിന് നിയമസഭാ സ്പീക്കർ ബിശ്വജിത് ഡൈമാരിയോടും നിയമസഭാംഗങ്ങളോടും മുഖ്യമന്ത്രി ശർമ്മ നന്ദി അറിയിച്ചു.
ജുമുഅ ഇടവേള നിർത്തലാക്കിയതിലൂടെ അസം നിയമസഭ കാലഹരണപ്പെട്ട രീതികളിൽ നിന്നും മാറിയെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് എല്ലാ ദിവസവും രാവിലെ 9.30 ന് നിയമസഭാ സമ്മേളനം ആരംഭിക്കും. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.