ഇ.പി ജയരാജനെതിരെ പാർട്ടിയിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങളുടെയും നീരസങ്ങളുടെയും അഗ്നിപർവതം ഒടുവിൽ പൊട്ടിത്തെറിച്ചിരിക്കുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ തെറിപ്പിച്ചതോടെ വലിയൊരു സ്ഫോടനമായി അതുമാറി. കണ്ണൂരിലെ കരുത്തനായ നേതാവിനെതിരെ സിപിഎം നടപടിയെടുക്കുമ്പോൾ സംഘടനാതലത്തിൽ ദുർബലമായികൊണ്ടിരിക്കുന്ന പാർട്ടിയെ അടിമുടി ബാധിക്കുമെന്ന വിലയിരുത്തലിലാണ് രാഷ്‌ട്രീയ നിരീക്ഷകർ.
പാർട്ടിയിൽ എംവി ഗോവിന്ദൻ പിടിമുറുക്കുകയും മുതിർന്ന നേതാവായ ഇപി ജയരാജനെ ആലങ്കാരിക പദവിയായ കൺവീനർ സ്ഥാനത്ത് ഒതുക്കി, പലവേള തഴഞ്ഞതും വലിയ ചർച്ചയായിരുന്നു. കൊടിയേരി ബാലകൃഷ്ണൻ അസുഖബാധിതനായതിനെ തുടർന്ന് ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറുന്ന ഘട്ടത്തിൽ ഇപി ജയരാജനെ പാർട്ടി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെയും ഇപി തിരിച്ചടി നേരിട്ടു. തന്നേക്കാൾ ‘ജൂനിയറായ’ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറി സ്ഥാനം നൽകിയ സിപിഎമ്മിന്റെ നടപടി ഇപിയെ ഏറെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം പല വേദികളിലും പ്രത്യക്ഷമായും പരോക്ഷമായും തുറന്നുപറഞ്ഞിരുന്നു. അന്നുമുതൽ ആരംഭിച്ച പടലപിണക്കം ഒടുവിൽ ഇപിക്കെതിരായ അച്ചടക്ക നടപടിയിലാണ് എത്തിനിൽക്കുന്നത്.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച മാത്രമല്ല കാരണെന്നും പലവിധ സാമ്പത്തിക ആരോപണങ്ങൾ ഇപിക്കെതിരെ ഉയർന്നിരുന്നുവെന്നുമാണ് സിപിഎം നേതൃത്വം പറയുന്നത്. പാർട്ടി അറിയാതെ പലവിധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഇപിക്കെതിരെ ആരോപണമുണ്ട്. ഇപിക്കെതിരെ ‘കണ്ണൂർ ലോബി’ തന്നെയാണ് രംഗത്തുവന്നതെന്നാണ് വിവരം. ബിജെപി ബാന്ധവവും സാമ്പത്തിക ആരോപണങ്ങളും ബന്ധുനിയമന വിവാദങ്ങളും ചൂണ്ടിക്കാട്ടി ഇപിക്കെതിരായ അച്ചടക്ക നടപടി ന്യായീകരിക്കാൻ സിപിഎം നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും എംവി ഗോവിന്ദനും ഇപി ജയരാജനുമിടയിലുള്ള നീരസം തന്നെയാണ് ഒടുവിൽ വലിയൊരു സ്ഫോടനമായി പൊട്ടിത്തെറിച്ചതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അച്ചടക്ക ലംഘനം പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് എംവി ഗോവിന്ദന്റെ നിലപാട്. ഇപിയെ പുറത്താക്കാൻ കേന്ദ്രകമ്മിറ്റിക്ക് ശുപാർശ ചെയ്തേക്കുമെന്നാണ് വിവരം. പാർട്ടിയിൽ നിന്നടക്കം ഇപിയെ പുറത്താക്കാനാണ് തീരുമാനമെങ്കിൽ അതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്ന കാര്യത്തിലും തർക്കമില്ല. വൈകിട്ട് മൂന്നരയ്‌ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമെന്നും ഇപിക്കെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.















