മുംബൈ ; ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം ആരംഭിക്കുന്നു. മെറ്റാവേർസ് സാങ്കേതികവിദ്യയിലൂടെയാകും ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം സാദ്ധ്യമാകുക . മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇതിനായി കരാർ ഏറ്റെടുത്തിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഭക്തർക്ക് അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങൾ ഓൺലൈനിൽ ദർശിക്കാനാകും .
“അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങൾക്ക് ഓൺലൈൻ ദർശനം നൽകുന്നതിന് അയോദ്ധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റി ആർഎഫ്‌പി നൽകിയിട്ടുണ്ട്. വെർച്വൽ ദർശനവും ഭക്തർക്കായി അയോദ്ധ്യയുടെ ചരിത്രപരമായ ചില വശങ്ങളുമാണ് കാണിക്കുക “ – കമ്പനിയുടെ എംഡിയും സിഇഒയുമായ രാജേഷ് മിർജങ്കർ പറഞ്ഞു.
“ഒക്‌ടോബർ 31-നകം ദീപാവലിക്ക് മുമ്പ് ചില ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം ആരംഭിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 20 ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം വെബ് പ്ലാറ്റ്‌ഫോമുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി“ – മിർജങ്കർ പറഞ്ഞു.
മാതാ വൈഷ്ണോ ദേവി ഭക്തർക്ക് ഓൺലൈൻ ദർശന സൗകര്യം ഒരുക്കുന്നതിനുള്ള വൈഷ്ണോ ദേവി ക്ഷേത്ര ബോർഡിന്റെ നിർദേശവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. നിഹാരിക ഭവൻ, സെർലി ഹെലിപാഡ്, അദ്കുവാരി, ദുർഗ്ഗ ഭവൻ, പാർവതി ഭവൻ എന്നിവിടങ്ങളിൽ അഞ്ച് വിആർ ഹെഡ്‌സെറ്റ് കിയോസ്‌കുകൾ കമ്പനി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിആർ ഹെഡ്‌സെറ്റുകൾ വഴി ഇതുവരെ ലക്ഷക്കണക്കിന് ഭക്തർ ദർശനം നടത്തി.
വിആർ ഹെഡ്‌സെറ്റുകൾ വഴി വാരണാസിയിലെ കാശി വിശ്വനാഥ മന്ദിറിന്റെ ദർശനവും കമ്പനി വാഗ്ദാനം ചെയ്യുന്നു. “വിആർ ഹെഡ്‌സെറ്റുകൾ ഉപയോഗിച്ച് ഭക്തർക്ക് സമ്പൂർണ ദർശനം അനുഭവിക്കാൻ കഴിയുന്ന ‘ദിവ്യ അനുഭവ’ കൗണ്ടർ ഞങ്ങൾ കാശി വിശ്വനാഥ മന്ദിറിലും ആരംഭിച്ചു. ജ്യോതിർലിംഗത്തിന്റെ അടുത്ത് നിന്ന് കാഴ്ച ലഭിക്കുന്നത് പലപ്പോഴും വെല്ലുവിളിയാണ്, എന്നാൽ വിആർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തർക്ക് ഇത് വളരെ അടുത്ത് നിന്ന് കാണാൻ കഴിയും” മിർജങ്കർ പറഞ്ഞു.