നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അമ്പരപ്പിക്കുന്ന തോൽവി. മൂന്നാം റൗണ്ടിൽ 6-4, 6-4, 2-6, 6-4 എന്ന സ്‌കോറിന് ഓസ്ട്രേലിയയുടെ 28-ാം സീഡ് അലക്സി പോപിറിനിനോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. കളിയുടെ ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം സെറ്റിൽ ജോക്കോവിച്ച് ശക്തമായി തിരിച്ച് വന്നിരുന്നു. എന്നാൽ നാലാം സെറ്റിൽ വീണ്ടും കാലിടറി.
25 തവണ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കുക എന്ന ചരിത്ര നേട്ടത്തിലേക്കുള്ള മുന്നേറ്റത്തിനിടെയാണ് ജോക്കോവിച്ചിന് കാലിടറിയത്. നിലവിൽ വനിതാ താരമായ മാർഗരറ്റ് കോർട്ടിനും 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന നേട്ടം സ്വന്തമാണ്. ലോക മൂന്നാം നമ്പർ താരം സ്‌പെയിനിന്റെ കാർലോസ് അൽകാരസും കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് മുൻ നിരയിലുള്ള മറ്റൊരു താരം കൂടി മത്സരത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്.
അൽകാരസ് പുറത്തായതിന് പിന്നാലെ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടതും ജോക്കോവിച്ചിന് ആയിരുന്നു. 2022ൽ കിരീടം സ്വന്തമാക്കിയത് അൽകാരസ് ആയിരുന്നു. 2017ന് ശേഷം ആദ്യമായാണ് ജോക്കോവിച്ചിന് ഒരു ഗ്രാൻഡ് സ്ലാം പോലും നേടാൻ കഴിയാത്ത സീസൺ ഉണ്ടാകുന്നത്. നാല് സെറ്റുകളിലേക്ക് നീണ്ടതോടെ മൂന്ന് മണിക്കൂറും 19 മിനിറ്റും നീണ്ടും പോരാട്ടമാണ് അൽകാരസും ജോക്കോവിച്ചും നടത്തിയത്.