തിരുവനന്തപുരം: ലൈംഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി. ഇന്നുചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ മുകേഷിന്റെ രാജി ആവശ്യം ചർച്ചയായെങ്കിലും നടപടി വേണ്ടതില്ലെന്ന നിലപാടിലാണ് നേതാക്കൾ. മുകേഷിന് പൂർണ പിന്തുണ നൽകുന്നുവെന്ന നിലപാടെടുത്ത സിപിഎം, മുകേഷ് ഈ ഘട്ടത്തിൽ എംഎൽഎ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന അഭിപ്രായമാണ് ഉയർത്തുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വൈകിട്ട് നടത്തുന്ന വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിക്കും.
മുകേഷിന്റെ രാജി സംബന്ധിച്ച പരസ്യപ്രസ്താവന പാർട്ടി സെക്രട്ടറി തന്നെ നടത്തുമെന്ന് നേരത്തെ മന്ത്രി ജിആർ അനിൽ വ്യക്തമാക്കിയിരുന്നു. മന്ത്രി എന്ന നിലയിലോ ജി.ആർ അനിൽ എന്ന വ്യക്തിയെന്ന നിലയിലോ ഇപ്പോൾ പരസ്യപ്രസ്താവന നടത്തുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടിക്ക് പിന്നിൽ ബിജെപി ബാന്ധവമല്ലെന്ന പ്രതികരണവും മന്ത്രി ജിആർ അനിൽ നടത്തി. മറ്റൊരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സ്വാഭാവിക തീരുമാനമാണെന്നാണ് മന്ത്രിയുടെ വാദം. ഇപി ജയരാജനെതിരായ അച്ചടക്ക നടപടിയെക്കുറിച്ചും മുകേഷിന്റെ രാജിയാവശ്യത്തെക്കുറിച്ചും സിപിഎം നടത്തുന്ന ഔദ്യോഗിക പ്രതികരണത്തിനായി കാതോർക്കുകയാണ് കേരളം.