റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവ് ലോബിൻ ഹേംബ്രോം ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ റാഞ്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഹേംബ്രോം ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ബിജെപിയിൽ പ്രവേശിച്ച ജെഎംഎം മുൻ നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപൈ സോറനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മരന്ദിയും ചടങ്ങിൽ പങ്കെടുത്തു.
ഈ വർഷം തുടക്കത്തിലാണ് ലോബിൻ ഹേംബ്രോമിനെ JMMൽ നിന്ന് പുറത്താക്കിയത്. ആറ് വർഷത്തേക്കായിരുന്നു വിലക്ക്. ഇതിനിടെ ചംപൈ സോറൻ ബിജെപിയിൽ ചേർന്നതോടെയാണ് താനും ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് ലോബിൻ ഹേംബ്രോം വ്യക്തമാക്കി.
കുട്ടിക്കാലം മുതൽ ജെഎംഎമ്മിൽ ചേർന്നുപ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് താൻ. 2024 വരെയും അത് തുടർന്നു. എന്നാൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ ജെഎംഎമ്മിനെ നയിച്ചിരുന്ന സമയത്തുണ്ടായിരുന്ന പാർട്ടിയല്ല നിലവിലുള്ളതെന്നും ഹേമന്ത് സോറനിൽ അർപ്പിച്ച വിശ്വാസം പാഴായി പോയെന്നും ലോബിൻ ഹേംബ്രോം പ്രതികരിച്ചു. ലോബിൻ ഹേംബ്രോം കൂടാതെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡയും ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗീത കൊഡ ഈ വർഷം തുടക്കത്തിൽ കോൺഗ്രസിൽ നിന്ന് രാജിവയ്‌ക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.