തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടൻ മോഹൻലാൽ. വിവാദങ്ങളിൽ നിന്നും വിട്ടുനിന്നതല്ലെന്നും തന്റെ വ്യക്തിപരമായ കാരണങ്ങളാൽ മാറി നിൽക്കേണ്ടി വന്നതാണെന്നും മോഹൻലാൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിംഗ് നിർവഹിക്കുന്നതിനിടെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്. കമ്മിറ്റിക്ക് മുന്നിൽ എനിക്ക് പറയാനുള്ളത് വ്യക്തമാക്കിയിരുന്നു. താരസംഘടനയായ അമ്മ, ഞങ്ങൾക്കെല്ലാവർക്കും കുടുംബം പോലെയായിരുന്നു. 500ലധികം താരങ്ങുള്ള ഒരു കുടുംബമായിരുന്നു അമ്മ. അത്തരമൊരു സംഘടന തുടങ്ങിയത് താരങ്ങളുടെ ക്ഷേമത്തിനായിരുന്നു. അവർക്ക് പ്രശ്‌നങ്ങൾ വരുമ്പോൾ അത് പരിഹരിക്കാനും ഞങ്ങൾ സന്നദ്ധത കാണിച്ചിരുന്നു”. എന്നാൽ ചില ദാരുണ സംഭവങ്ങളിലൂടെയാണ് ഇന്ന് മലയാള സിനിമ കടന്നു പോകുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഉത്തരം പറയേണ്ടത് മലയാള സിനിമ ഒന്നടങ്കമാണ്. സിനിമയിലെ നിരവധി കാര്യങ്ങളാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാര്യങ്ങളിൽ ഒരുമിച്ചാണ് മുന്നോട്ടു നീങ്ങേണ്ടത്. എന്നാൽ എല്ലാ കാര്യങ്ങൾക്കും അമ്മ എന്ന സംഘടനയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവന്നത്. സംഘടനയിലെ മുതിർന്ന വ്യക്തികളോടും അഭിഭാഷകരോടും മറ്റ് എല്ലാ വ്യക്തികളുടെയും അഭിപ്രായം തേടിയാണ് സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിഞ്ഞതെന്നും മോഹൻലാൽ വ്യക്തമാക്കി.
അമ്മ ചെയ്തു വന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളും തുടർന്നും നടത്തും. ഒരുപാട് ആളുകളുടെ കഠിനാധ്വാനമാണ് മലയാള സിനിമാ മേഖലയെ ഇവിടെ വരെയെത്തിച്ചത്. എന്നാൽ മലയാള സിനിമയെ തകർക്കുന്ന വിധത്തിലുള്ള പ്രവണതകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമായ അന്വേഷണം സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അമ്മ സംഘടനയിൽ ആർക്കു വേണമെങ്കിലും മുന്നോട്ടു വരാം. അവർ അമ്മയെ മുന്നോട്ടു നയിക്കുമെന്ന് വിശ്വസിക്കുന്നു. മലയാള സിനിമയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടതെന്നും മോഹൻലാൽ വ്യക്തമാക്കി.















