ചെന്നൈ: മൂന്നാം മോദി സർക്കാർ മുൻഗണന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുത്ത മോദി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്തു. ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ലഭിച്ചു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാദേശിക വികസനത്തിന് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് സർവീസുകൾ ആരംഭിച്ചത്. ഈ പ്രദേശങ്ങളിലെ മത കേന്ദ്രങ്ങളിലും സാമ്പത്തിക മേഖലകളെയും കണക്ട് ചെയ്യാൻ പുതിയ ട്രെയിനുകളിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധുരൈ-ബെംഗളൂരു ട്രെയിൻ ക്ഷേത്രനഗരമായ മധുരയെ ബെംഗളൂരുവിലെ ഐടി ഹബ്ബുമായി ബന്ധിപ്പിക്കുമെന്നും തീർത്ഥാടകർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രാദേശിക വികസനത്തിൽ വന്ദേ ഭാരത് ട്രെയിനുകളുടെ വിശാലമായ സ്വാധീനവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് ട്രെയിനുകൾ എത്തിയിടത്തെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. ഇത് ബിസിനസുകാർക്കും കടയുടമകൾക്കും ഉയർന്ന വരുമാനം ലഭിക്കാൻ കാരണമായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചെന്നൈ-നാഗർകോവിൽ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾ, കർഷകർ, ഐടി പ്രൊഫഷണലുകൾ എന്നിവർക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും മോദി പറഞ്ഞു.
വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് മൂന്നാം മോദി സർക്കാർ മുൻഗണന നൽകും. കഴിവുകളാലും വിഭവങ്ങളാലും സമ്പന്നമാണ് ദക്ഷിണേന്ത്യ. തമിഴ്നാടിന്റെയും കർണാടകയുടെയും റെയിൽവേ ബജറ്റുകളിൽ കാര്യമായ നിക്ഷേപങ്ങൾ ഉണ്ടായി. 2014 ന് ശേഷം തമിഴ്നാടിന്റെ റെയിൽവേ ബജറ്റ് ഏഴിരട്ടിയിലധികവും കർണാടകയുടേത് ഒമ്പത് മടങ്ങും വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.















