അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് 300 വീഡിയോകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു. ഇതേ കോളേജിൽ തന്നെ പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥിയായ വിജയിയുടെ ലാപ്ടോപ്പിൽ നിന്നാണ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രി മുതൽ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിർദേശപ്രകാരം ജില്ലാ കളക്ടറും പൊലീസ് സൂപ്രണ്ടും കോളേജിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ജില്ലാ അധികൃതരുമായി ചർച്ച ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവുകൾ കൈവശമുണ്ടെങ്കിൽ അത് പൊലീസിന് കൈമാറണമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് നിർദേശിച്ചു.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ എസ്ആർ ഗുഡ്‌ലവല്ലേരു എൻജിനീയറിംഗ് കോളജിലാണ് സംഭവം. പെൺകുട്ടികളാണ് വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കണ്ടെടുത്ത ദൃശ്യങ്ങളിൽ പലതും കോളജിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഇയാൾ വിറ്റതായും ഇത് പിന്നീട് പലയിടത്തും പ്രചരിക്കപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.
കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കൃഷ്ണ ജില്ലാ പൊലീസ് സൂപ്രണ്ട് ഗംഗാധർ റാവു പറഞ്ഞു. അഞ്ചംഗ പൊലീസ് സംഘത്തോടൊപ്പം ഒരു ഇൻസ്പെക്ടറെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിമുറികളിൽ വിശദമായ പരിശോധന നടന്നിട്ടും ക്യാമറ കണ്ടെത്താൻ സാധിച്ചില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശ്നം ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി കോളേജ് അധികാരികൾ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. തങ്ങൾക്ക് മാനേജ്മെന്റിനെ വിശ്വാസമില്ല. അവർ സംഭവം മറച്ചുവച്ചുകൊണ്ട് കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോയാൽ തങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് പറയുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.















