ന്യൂഡൽഹി: വിദേശ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ എംബസി. ലാവോസിലെ ഗോൾഡൻ ട്രയാങ്കിൾ സ്‌പെഷ്യൽ ഇക്കണോമിക് സോണിൽ സൈബർ തട്ടിപ്പ് സംഘങ്ങളുടെ വലയിലകപ്പെട്ട ഇന്ത്യക്കാരെയാണ് കേന്ദ്രസർക്കാർ തിരിച്ച് നാട്ടിലെത്തിച്ചത്. ഇതുവരെ 635 ഇന്ത്യക്കാരെ തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഇന്ത്യൻ എംബസി അറിയിച്ചു.
സൈബർ തട്ടിപ്പിന് ലാവോസ് അധികൃതർ കേസെടുത്ത 29 പേരെ ഉൾപ്പെടെയാണ് രക്ഷപെടുത്തിയത്. 18 പേർ സഹായം അഭ്യർത്ഥിച്ച് എംബസിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസത്തെ ലാവോസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണുമായി വിഷയം ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ പൗരന്മാരെ കടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡാറ്റ എൻട്രി ജോലികൾ എന്ന വ്യാജേനയാണ് ലാവോസിലേക്ക് ഇന്ത്യക്കാരെ കടത്തുന്നത്. എന്നാൽ ഇവിടെ എത്തിയതിന് ശേഷമാണ് വ്യാജ ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ട്രേഡിംഗിനായി വ്യവസായികളെ വലയിൽ വീഴ്‌ത്തുന്ന ജോലിയാണെന്ന് ഇരകൾക്ക് മനസിലാവുന്നത്. പെൺകുട്ടികളുടെ വ്യാജ ഇൻസ്റ്റഗ്രാം ഐഡിയായിരുന്നു ഇതിനായി തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തിയിരുന്നത്.
ഇരകളെ വിശ്വസിപ്പിക്കാൻ യുവതികളെ കൊണ്ട് ഫോൺകോളുകളും ചെയ്യിക്കുമായിരുന്നു. ചെറിയ നിക്ഷേപങ്ങൾക്ക് ഇരട്ടി ലാഭം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപകരെ തട്ടിപ്പുകാർ കയ്യിലെടുത്തിരുന്നത്. എന്നാൽ നിക്ഷേപ തുക കൂടുന്നതോടെ ഇവർ പണം തട്ടുകയും ഇരകളെ ബ്ലോക്ക് ചെയ്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയുമാണ് പതിവ്.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ ജോലി തട്ടിപ്പിന് ഇരയായ കോഴിക്കോട് സ്വദേശിയെ ഇന്ത്യൻ എംബസി രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലാണ് യുവാവിനെ രക്ഷപ്പെടുത്താൻ നിർണായകമായത്.