ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് അഞ്ചിലേക്കാണ് മാറ്റിയത്. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
വിശ്വാസപരമായ ആഘോഷദിവസമാണെന്നും ആ ദിവസം തെരഞ്ഞെടുപ്പ് നിശ്ചയിക്കുന്നത് പൗരാവകാശം രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിഷ്ണോയ് സമുദായം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. നിരവധി സംഘടനകൾ ഇത് സംബന്ധിച്ച് പരാതികൾ ഉന്നയിക്കുകയും തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്തുനൽകിയതിനെയും തുടർന്നാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഗുരു ജാംഭേശ്വറിന്റെ അനുസ്മരണാർത്ഥം ബിഷ്ണോയി സമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് അസോജ് അമാവസ്യ ആഘോഷങ്ങളെന്നും കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. തങ്ങളുടെ അപേക്ഷയിൽ കമ്മീഷൻ അനുയോജ്യമായ നടപടിയാണ് കൈക്കൊണ്ടത്. അല്ലായിരുന്നുവെങ്കിൽ 5 അവധി ദിനങ്ങൾ ഉണ്ടാകുമ്പോൾ അത് വോട്ടിങ് ശതമാനത്തിൽ വലിയ കുറവുവരുത്തുമായിരുന്നുവെന്നും ബിജെപി നേതാവ് അനിൽ വിജ് പറഞ്ഞു. കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപും ഇത്തരത്തിൽ വിവിധ സമുദായങ്ങളുടെ വിശ്വാസം മാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ മാറ്റിവച്ചിട്ടുണ്ട്. 2022 ലെ പഞ്ചാബ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2023 ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും തീയതികൾ മാറ്റിയിരുന്നു.
തീരുമാനത്തെ മുൻ ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയും സ്വാഗതം ചെയ്തു. തീയതി മാറ്റിയത് ജനവിധിയെ സ്വാധീനിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് 10 വർഷമായാലും വിജയിക്കാൻ കഴിയില്ലെന്നും അതുകൊണ്ടു തന്നെ അഞ്ച് ദിവസം നീട്ടിയാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു കോൺഗ്രസ് എംപി കുമാരി സെൽജയുടെ പ്രതികരണം.















