തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് വേദിയിൽ പഴയകാലം ഓർത്തെടുത്ത് നടൻ മോഹൻലാൽ. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമായി ക്രിക്കറ്റ് കളിച്ച ബാല്യമായിരുന്നു ഞങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു സാസംൺ വരെ ഒപ്പിട്ട ബാറ്റുകളേന്തിയാണ് കളി പഠിക്കാനിറങ്ങുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഒരു കായിക വിനോദത്തിനുമപ്പുറം ക്രിക്കറ്റ് ലോകമെമ്പാടും ഒരു വികാരമാണ്. കേരളത്തെ സംബന്ധിച്ച് ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായിക വിനോദങ്ങൾ ക്രിക്കറ്റും ഫുട്‌ബോളുമാണ്. ഇതുമായി ബന്ധപ്പെട്ട ഏതു മത്സരങ്ങൾക്കും ആവേശത്തോടെ കാത്തിരിക്കുന്ന മലയാളികൾ ലോകമെമ്പാടുമുണ്ടെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് പരിശീലനത്തിന് മികച്ച അവസരമാണ് ഇപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും കളിക്കാർക്ക് നൽകുന്നത്. കേരളത്തിലുടനീളം ഗ്രൗണ്ടുകളും നല്ല പരിശീലകരും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റിൽ കേരളത്തിനു മികച്ച സംഭാവനകൾ നൽകാൻ കഴിയുന്നതെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി.
ക്രിക്കറ്റ് ലീഗിനായി തയ്യാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും ചടങ്ങിൽ മോഹൻലാൽ നിർവഹിച്ചു. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ് അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. കേരള ക്രിക്കറ്റ് ലീഗ് ചെയർമാൻ നാസർ മച്ചാൻ, വനിതാ ക്രിക്കറ്റ് ഗുഡ്വിൽ അംബാസിഡർ കീർത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.