കൊൽക്കത്ത: സാൾട്ട്‌ലേക്ക് സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അത് കണ്ട് ആനന്ദിക്കുകയായിരുന്നു. ആദ്യ കിരീടം നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആഹ്ലാദം. പ്രബലരായ മോഹൻബഗാനെ കലാശക്കളിയിൽ വീഴ്‌ത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ആദ്യ ഡ്യൂറന്റ് കപ്പ് കിരീടം. ഇതുവരെ എണ്ണം പറഞ്ഞ കിരീടങ്ങളൊന്നും നേടിയിട്ടില്ലെന്ന പേരുദോഷം കൊൽക്കത്തയിൽ അവർ തിരുത്തിക്കുറിച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നായിരുന്നു വിജയം. മത്സരം 2-2 ന് സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾവല കാത്ത ഗുർമീത് സിംഗിന്റെ തകർപ്പൻ സേവുകളാണ് ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമെന്ന ചരിത്രനേട്ടം എത്തിപ്പിടിക്കാൻ ടീമിനെ സഹായിച്ചത്.
ലിസ്റ്റൺ കൊളാസോയുടെ മൂന്നാം ശ്രമവും മോഹൻ ബെഗാൻ ക്യാപ്റ്റൻ സുഭാശിഷ് ബോസിന്റെ അഞ്ചാം ശ്രമവുമാണ് ഗുർമീത് സിംഗ് വിഫലമാക്കിയത്. ഗില്ലർമോ ഫെർണാണ്ടസ്, മിഗ്വേൽ സബാക്കോ തോമെ, പാർത്ഥിബ് ഗൊഗോയ് അലെയ്ദ്ദീൻ അയാറെ എന്നിവരാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്. മോഹൻ ബഗാന് വേണ്ടി ജേസൺ കുമ്മിംഗ്‌സ്, മൻവീർ സിംഗ്, ദ്വിമിത്രി പെട്രാതോസ് എന്നിവർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്.
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റാണ് ഡ്യൂറന്റ് കപ്പ്. 133 ാമത് ഡ്യൂറന്റ് കപ്പായിരുന്നു ഇത്. ഇത് 13 ാം തവണയാണ് മോഹൻബഗാൻ ഫൈനലിൽ പരാജയപ്പെട്ട് മടങ്ങുന്നത്. ആദ്യ പകുതിയിൽ രണ്ട് തവണ വല കുലുക്കിയ മോഹൻ ബഗാനായിരുന്നു കളിയിലെ മുൻതൂക്കം. 11 ാം മിനിറ്റിൽ ജേസൺ കുമ്മിംഗ്‌സ് ആദ്യഗോൾ നേടി. ആദ്യപകുതിയുടെ അവസാനത്തിൽ മലയാളി താരം സമദ് അബ്ദുൾ സമദും വല കുലുക്കി.
എന്നാൽ രണ്ടാം പകുതിയിൽ അടുപ്പിച്ചുളള രണ്ട് ഗോളുകളിലൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബഗാനെ ഞെട്ടിച്ചു. 55 ാം മിനിറ്റിൽ അലെയ്ദ്ദീനും മൂന്ന് മിനിറ്റുകൾക്കുളളിൽ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഗില്ലേർമോ ഫെർണാണ്ടസുമാണ് ബഗാന്റെ നെഞ്ചിൽ അടുപ്പിച്ച് തീ കോരിയിട്ടത്. പിന്നീട് പഴുതുകൾക്കിട നൽകാതെ ഇരുടീമുകളും ഇഞ്ചോടിഞ്ച് പൊരുതുകയായിരുന്നു.
ഷില്ലോംഗ് യുണൈറ്റഡിനെ 3-0 ത്തിന് തോൽപിച്ചാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്ര ഫൈനൽ കളിക്കാൻ അർഹത നേടിയത്. ഇരുടീമുകളും 10 മത്സരങ്ങൾ കളിച്ചതിൽ ഏഴിലും മോഹൻ ബഗാനായിരുന്നു വിജയം. ഈ കണക്കുകളുടെ ബലത്തിലാണ് സാൾട്ട് ലേക്കിൽ കലാശക്കളിക്കായി ബൂട്ടണിഞ്ഞതും.
കഴിഞ്ഞ വർഷം ഈസ്റ്റ് ബംഗാളിനെ തോൽപിച്ചാണ് മോഹൻ ബഗാൻ കിരീടം നേടിയത്.















