ബെയ്‌റൂട്ട്: രാജ്യത്തെ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ലെബനനിനെ ഇസ്രായേലുമായുള്ള യുദ്ധത്തിലേക്ക് ഹിസ്ബുള്ള വലിച്ചിഴയ്‌ക്കുകയാണ് ചെയ്തതെന്ന വിമർശനവുമായി ക്രിസ്ത്യൻ പൊളിറ്റിക്കൽ പാർട്ടിയായ ലെബനീസ് ഫോഴ്‌സ് മേധാവി സമീർ ഗിഗേയ. പാർലമെന്റിലെ പ്രധാന പാർട്ടികളിലൊന്നാണ് ഇവർ. രാജ്യത്തെ ജനങ്ങളുടെ തെരഞ്ഞെടുക്കലുകൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും സമീർ ഗിഗേയ് വിമർശിച്ചു.
ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ആരംഭിച്ചതിന് പിന്നാലെ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ സൈനിക നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ ലെബനൻ ജനത ഈ യുദ്ധം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, അവരുടെ തീരുമാനങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ബെയ്‌റൂട്ടിൽ നടത്തിയ പ്രസംഗത്തിൽ സമീർ ചൂണ്ടിക്കാട്ടി. ഇറാന്റെ പിന്തുണയോടെയാണ് ഹിസ്ബുള്ള ഭീകരർ ഇസ്രായേലിനെതിരെ യുദ്ധം നടത്തുന്നത്. ലെബനൻ സൈന്യത്തെക്കാളുമധികം വലിയ ആയുധശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് ഹിസ്ബുള്ളയുടെ അനുയായികൾ പറയുന്നത്.
” ലെബനൻ ജനതയെ സംബന്ധിച്ച് യാതൊരു രീതിയിലും ആവശ്യമില്ലാത്ത യുദ്ധമാണ് ഇപ്പോൾ ഇസ്രായേലിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിന് ഇതിൽ ഒന്നും പറയാനും ഇല്ല. ഈ യുദ്ധം ഒരിക്കലും ലെബനന് വേണ്ടിയിട്ടുള്ളതല്ല. ഗാസയ്‌ക്ക് ഇത് കൊണ്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ കുറയ്‌ക്കാനും ഇതുവഴി സാധിച്ചിട്ടില്ല.
ഹിസ്ബുള്ള തുടക്കമിട്ട ഈ പോരാട്ടം വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുന്നതിന് മുൻപ് തന്നെ അവസാനിപ്പിക്കണം. ഇസ്രായേലിനെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാൻ ഹിസ്ബുള്ളയ്‌ക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തിനെ ഇത് കൂടുതൽ സമ്മർദ്ദങ്ങളിലേക്ക് തള്ളിവിടുകയാണെന്നും” സമീർ ആരോപിച്ചു.