തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻ എഡിജിപി എംആർ അജിത്കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭരണപക്ഷ എംഎൽഎ പി.വി അൻവർ. സോളാർ കേസ് അട്ടിമറിച്ചതിൽ എംആർ അജിത്കുമാറിന് പങ്കുണ്ടെന്നും പല പ്രതികളെയും രക്ഷപ്പെടാൻ സഹായിച്ചത് അജിത്കുമാറാണെന്നും അൻവർ ആരോപിച്ചു. ADGPയുടെ സംഘം വിമാനത്താവളം വഴി സ്വർണം കടത്തിയെന്ന ഗുരുതര ആരോപണവും എംഎൽഎ ഉന്നയിച്ചിട്ടുണ്ട്.
കവടിയാറിൽ 12,000 ചതുരശ്ര അടിയിൽ കൊട്ടാരത്തിന് സമാനമായ ആഡംബര വീടാണ് അജിത്കുമാർ പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് അടുത്ത് എഡിജിപിയുടെയും അളിയന്റേയും പേരിൽ 10-12 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പിവി അൻവർ എംഎൽഎ വെളിപ്പെടുത്തി.
ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ട്. എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെയാണ് സ്വർണക്കടത്ത്. സോളാർ കേസ് അട്ടിമറിച്ചത് സരിതയുമായി സൗഹൃദമുണ്ടായിരുന്ന അജിത്കുമാറാണ്. പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് പരാതിക്കാരിയോട് പറഞ്ഞു, ഇതോടെ പരാതിക്കാരി അന്വേഷണസംഘത്തിന് നൽകിയ മൊഴിമാറ്റി. എടവണ്ണ റിദാൻ കൊലക്കേസിൽ നിരപരാധിയെ കുടുക്കി പ്രതിയാക്കിയെന്നും എംആർ അജിത്കുമാറിനെതിരെ പി.വി അൻവർ ആരോപിച്ചു.















