ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. അമാനത്തുള്ളയുടെ ഡൽഹിയിലെ വസതിയിൽ പരിശോധനകൾക്ക് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഖഫ് ബോർഡിലെ നിയമനങ്ങളുമായും, ബോർഡിന്റെ സ്വത്തുവകകൾ പാട്ടത്തിന് നൽകിയതിലെ ക്രമക്കേടുകളും ആരോപിച്ചാണ് അറസ്റ്റ്.
വീട്ടിൽ ഇഡി സംഘം പരിശോധനയ്‌ക്ക് എത്തിയതിന് പിന്നാലെ അമാനത്തുള്ള സമൂഹമാദ്ധ്യമത്തിൽ ഇതുസംബന്ധിച്ചുള്ള വീഡിയോകൾ പങ്കുവച്ചിരുന്നു. പരിശോധനയെന്ന വ്യാജേന തന്നെ അറസ്റ്റ് ചെയ്യാനാണ് ഇഡി എത്തിയത് എന്നായിരുന്നു ഇയാളുടെ വാദം. തന്റെ ഭാര്യാമാതാവിന് കാൻസർ ആണെന്നും, ഇത് കണക്കിലെടുക്കാതെയാണ് അന്വേഷണസംഘം വീടിനുള്ളിൽ പരിശോധന നടത്തുന്നതെന്നും ഇയാൾ ആരോപിച്ചിരുന്നു.
ഇഡിയുടെ പ്രവർത്തി വിവേകശൂന്യമാണെന്നും ഇയാൾ ആരോപിച്ചു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് അമാനത്തുള്ളയ്‌ക്ക് പത്തോളം തവണ നോട്ടീസ് അയച്ചിരുന്നുവെന്നും ഒരു തവണ പോലും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജാരാകാൻ ഇയാൾ തയ്യാറായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ഹാജരാകുന്നത് നാല് ആഴ്ചത്തെ സാവകാശം ചോദിച്ചിരുന്നുവെന്നും അത് ലഭിച്ചില്ലെന്നുമാണ് ഇയാളുടെ വാദം. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് വ്യാജ കേസ് ആണെന്നും, ഒരിക്കലും തല കുനിക്കില്ലെന്നും അമാനത്തുള്ള സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 2016ലാണ് അമാനത്തുള്ളയ്‌ക്കെതിരായ കേസ് സിബിഐ രജിസ്റ്റർ ചെയ്തത്. പിന്നീട് ഇഡിയും ഇതേ കേസിൽ അന്വേഷണം നടത്തുകയായിരുന്നു.















