മേപ്പാടി: ചൂരൽമല, മുണ്ടക്കൈ സ്കൂളുകളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ജിവിഎച്ച്എസ്എസ് മേപ്പാടിയിലും, മുണ്ടക്കൈ ജി എൽ പി എസിലെ കുട്ടികളുടെ പഠനം മേപ്പാടി എപിജെ ഹാളിലുമായിരിക്കും നടക്കുക. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
പുത്തൻ പ്രതീക്ഷകളുമായി എത്തിയ വെള്ളാർമല, മുണ്ടക്കൈ സ്കൂളിലെ കുട്ടികളെ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർ മധുരം നൽകിയാണ് സ്വീകരിച്ചത്. കുട്ടികളെ വരവേൽക്കാനായി കാലിക്കറ്റ് പ്രൊവിഡൻസ് സ്കൂൾ സംഘം ബാൻഡ് മേളവും ഒരുക്കിയിരുന്നു. കുട്ടികളെ എത്തിക്കാൻ മൂന്ന് KSRTC ബസുകളാണ് സജ്ജമായിരുന്നത്. നാളുകൾക്ക് ശേഷം തങ്ങളുടെ കൂട്ടുകാരെ കണ്ട സന്തോഷം പങ്കിടുന്ന കുട്ടികൾ അധ്യാപകരിൽ ആശ്വാസം പകരുന്ന കാഴ്ചയായി.
സ്വീകരണ ചടങ്ങിൽ പൊലീസുകാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഉദ്‌ഘാടനത്തിനുശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി. 607 കുട്ടികളാണ് പുനഃപ്രവേശനോത്സവത്തിൽ പങ്കെടുത്തത്. വെള്ളാർമല സ്കൂളിലെ 546 കുട്ടികളും, മുണ്ടക്കൈ സ്കൂളിലെ 61 കുട്ടികളുമാണ് മേപ്പാടി സ്കൂളിലും എ പി ജെ ഹാളിലുമായി തുടർ പഠനം നടത്തുക. ഉൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും വിട്ടുമാറാത്തവരാണ് പല കുട്ടികളും. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ കൗൺസിലിംഗ് ക്ലാസുകൾ ഉൾപ്പെടെ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.