ബേസിൽ ജോസഫിനെയും ലിജോമോളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം പൊൻമാന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലിജോമോളുടെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. വിവാഹ വേഷത്തിലിരിക്കുന്ന താരത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
അടുത്തിടെയാണ് പൊൻമാന്റെ ഷൂട്ടിംഗ് പൂർത്തിയായത്. നേരത്തെ പുറത്തിറങ്ങിയ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കുടുംബ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ചിത്രമായിരിക്കും പൊൻമാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപാൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായ പുറത്തിറങ്ങിയ നടന്ന സംഭവം എന്ന ചിത്രത്തിൽ ലിജോമോളുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്ന സംഭവത്തിന് ശേഷം ലിജോ മോൾ നായികയായെത്തുന്ന ചിത്രമാണിത്.
ബേസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് നുണക്കുഴി. ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രത്തിൽ നിഖില വിമൽ, ഗ്രേസ് ആന്റണി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്.















