പാലക്കാട്; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്താൻ ആർഎസ്എസ് തീരുമാനം. പാലക്കാട് മൂന്ന് ദിവസമായി നടന്ന അഖിലഭാരതീയ സമന്വയ ബൈഠക്കിലാണ് തീരുമാനം. പശ്ചിമബംഗാളിൽ യുവ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം ചർച്ച ചെയ്തതെന്ന് ബൈഠക്കിലെ തീരുമാനങ്ങൾ വിശദീകരിച്ച് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇക്കാര്യത്തിൽ നിയമപരമായ രീതിയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആലോചിക്കും. പൊതുസമൂഹത്തിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്തും. കാരണം അവർ ഇത് മുഴുവൻ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിയമപരമായ നടപടികൾക്കൊപ്പം സമൂഹത്തിന്റെ പങ്കാളിത്തവും ഇത്തരം സംഭവങ്ങൾ തടയാൻ വേണ്ടതാണെന്ന് സംഘം വിലയിരുത്തുന്നതായി സുനിൽ ആംബേക്കർ പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ ബോധവത്കരണം, കുടുംബ സംസ്‌കാരം പരിപോഷിപ്പിക്കൽ, വിദ്യാഭ്യാസം, ആത്മരക്ഷാ പദ്ധതികൾ എന്നിവ വേണമെന്ന് യോഗത്തിൽ നിർദ്ദേശങ്ങളുയർന്നു.
വനിതകൾക്ക് ഇതേക്കുറിച്ച് വിദ്യാഭ്യാസം നൽകും. ഇത്തരം അക്രമങ്ങളെ ചെറുക്കാനുളള സ്വയരക്ഷയ്‌ക്കുളള മാർഗങ്ങൾ പകർന്നു നൽകും. സ്‌കൂൾ, കോളജ് തലങ്ങളിലും വർക്കിംഗ് വുമൻ ക്ലാസിലും ഉൾപ്പെടെ ഇത്തരം മാർഗങ്ങൾ പകർന്നു നൽകണണമെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്‌ഫോമിലും ഒടിടി പ്ലാറ്റ്‌ഫോമിലുമുൾപ്പെടെ ഇത്തരം കണ്ടെന്റുകൾക്കെതിരെ ബോധവൽക്കരണം നടത്തും. കാരണം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ഓൺലൈനിലെ ഇത്തരം കണ്ടെന്റുകളുടെ സ്വാധീനവുമുണ്ടെന്നും സമീപകാല സംഭവങ്ങളിൽ പലതും അത് തെളിയിക്കുന്നതാണെന്നും സുനിൽ ആംബേക്കർ പറഞ്ഞു.
ബംഗാളിലെ സംഭവം നിർഭാഗ്യകരമാണെന്നും പ്രൊഫഷണൽ മേഖലയിലുൾപ്പെടെ ഏത് മേഖലയിലാണെങ്കിലും ഇത്തരം അക്രമങ്ങൾ അവസാനിക്കപ്പെടേണ്ടതാണെന്നും സുനിൽ ആംബേക്കർ പറഞ്ഞു. ഇത് തടയുന്നതിനുളള കൃത്യമായ സംവിധാനങ്ങൾ ജോലി സ്ഥലങ്ങളിൽ ഏർപ്പെടുത്തണം. എല്ലാ സംഘടനകളും വിശദമായി വിഷയം ചർച്ച ചെയ്തു. ഇതനുസരിച്ചുളള പദ്ധതികൾ അവരും നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.















