തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിക്ക് അപ്പുറം ഒന്നും പറയാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നും നടപടി ഉണ്ടാകുമെന്നുമായിരുന്നു വീണാ ജോർജിന്റെ മറുപടി.
കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുരാവിലെ വളരെ കൃത്യവും വ്യക്തവുമായി സർക്കാരിന്റെ നിലപാട് പറഞ്ഞുകഴിഞ്ഞു. കാര്യങ്ങൾ കൃത്യമായി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല. എത്ര ഉന്നതൻ ആണെങ്കിലും നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഒരു ആശങ്കയും വേണ്ട. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ്. കൃത്യമായി അന്വേഷിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ആർക്കും യാതൊരു ആശങ്കയും വേണ്ടായെന്നും വീണാ ജോർജ് പ്രതികരിച്ചു.
എന്തുകൊണ്ട് ഭരണപക്ഷ എംഎൽഎയായ പി.വി അൻവർ ഇക്കാര്യം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ചൂണ്ടിക്കാട്ടി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ലായെന്നും ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി അവതരിപ്പിച്ചതിന് കാരണമെന്താകുമെന്നും മാദ്ധ്യമങ്ങൾ ഉന്നയിച്ചെങ്കിലും ആദ്യം പറഞ്ഞ മറുപടി തന്നെ ആവർത്തിക്കുകയായിരുന്നു വീണാ ജോർജ്. പാളയത്തിൽ പടയൊരുങ്ങുകയാണോയെന്ന പരോക്ഷ ചോദ്യത്തിനും മുഖ്യമന്ത്രിയെ പുകഴ്ത്തി ആരോഗ്യമന്ത്രി മറുപടി ഒതുക്കുകയും ചോദ്യങ്ങളിൽ നിന്ന് തടിയൂരി പോവുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും ആഭ്യന്തരവകുപ്പിനെതിരെയും പൊലീസ് സേനയിലെ ഉന്നതർക്കെതിരെയും അതിഗുരുതരമായ ആരോപണങ്ങളായിരുന്നു ഭരണകക്ഷി എംഎൽഎ ഉന്നയിച്ചത്. ഇതിന് പിന്നാലെ ഒരു ദിവസത്തോളം മുഖ്യമന്ത്രി മൗനം പാലിച്ചെങ്കിലും ഇന്നുനടന്ന പൊതുസമ്മേളനത്തിൽ പ്രതികരണം നടത്തി. ആരോപണങ്ങൾ അന്വേഷിക്കുമെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ ഈ സമയം മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടിരുന്നു.