മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം വിടുതലൈ- 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബർ 20-നാണ് തിയേറ്ററുകളിലെത്തുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായാണ് മഞ്ജു വാര്യർ ചിത്രത്തിലെത്തുന്നത്.
സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം, വാസുദേവ് മേനോൻ എന്നിവരാണ് വിടുതലൈയിലെ മറ്റ് അഭിനേതാക്കൾ. ആർ എസ് ഇൻഫോടെയിൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്.
2023-ലാണ് വിടുതലൈ-1 റിലീസ് ചെയ്തത്. വാദ്യാർ എന്നറിയപ്പെടുന്ന പെരുമാൾ എന്ന മാവോയിസ്റ്റ് നേതാവിനെ പിടികൂടുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ആദ്യ ഭാഗം കടന്നുപോയത്. വനവാസി സമൂഹത്തിനെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളും സംഘർഷങ്ങളുമൊക്കെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. രണ്ടാം ഭാഗം റിലീസിനൊരുങ്ങുമ്പോൾ വെട്രിമാരൻ ഒളിപ്പിച്ചിരിക്കുന്നത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.
ഫൂട്ടേജാണ് മഞ്ജു വാര്യർ നായികയായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഓഗസ്റ്റ് 23-ന് റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്.















