ആലപ്പുഴ: ചേർത്തലയിൽ നവജാതശിശുവിനെ വിറ്റുവെന്ന അമ്മയുടെ മൊഴി കള്ളം. കുഞ്ഞിനെ തന്റെ വീട്ടിൽ കൊന്ന് കുഴിച്ചിട്ടെന്ന് യുവതിയുടെ ആൺ സുഹൃത്ത് വെളിപ്പെടുത്തി. ശ്വാസം മുട്ടിച്ച് കൊന്നശേഷം കുഞ്ഞിനെ തന്റെ വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് യുവതിയുടെ ആൺസുഹൃത്ത് മൊഴി നൽകിയത്.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് വിറ്റുവെന്നായിരുന്നു യുവതിയുടെ ആദ്യമൊഴി. എന്നാൽ ഇങ്ങനെയൊരു ദമ്പതികൾ തൃപ്പൂണിത്തുറയിൽ ഇല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയെയും ആൺസുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ കൊന്നു കുഴിച്ചിട്ടുവെന്ന് ആണ്സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്.
യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം ഭർതൃവീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നും കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവ് ആൺസുഹൃത്താണെന്നും അടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം.
ശനിയാഴ്ചയാണ് ചേർത്തല കെ.വി.എം. ആശുപത്രിയിൽ പള്ളിപ്പുറം സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ആശ വർക്കർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിനെ വളർത്താൻ നിവൃത്തി ഇല്ലാത്തതുകൊണ്ട് വിറ്റു എന്നാണ് യുവതി വാർഡ് മെമ്പറോട് പറഞ്ഞത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. ചേർത്തല പൊലീസ് മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.















