പ്രഭുദേവ നായകനായി പുറത്തിറങ്ങുന്ന ചിത്രം പേട്ടറാപ്പിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന പേട്ടറാപ്പ് ബ്ലു ഹിൽ ഫിലിംസിന്റെ ബാനറിൽ പി സാമാണ് നിർമിക്കുന്നത്. പികെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിലെത്തുമെന്നാണ് വിവരം. കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രമോഷൻ പരിപാടികളിൽ ഇരുവരും പങ്കെടുക്കും. ഈ മാസം ആദ്യ വാരത്തിലായിരിക്കും താരങ്ങൾ കൊച്ചിയിലെത്തുക.
ശൃംഖാരവേലൻ, കസിൻസ്, ജെയിംസ് ആൻഡ് ആലിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി വേദികയാണ് ചിത്രത്തിലെ നായിക. ജിത്തു ദാമോദരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് പ്രസന്ന, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രമോഷനായി കൊച്ചിയിലെത്തുന്ന താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ജയസൂര്യ നായകനായെത്തുന്ന കത്തനാർ എന്ന സിനിമയുടെ ഷൂട്ടിംഗിനായി പ്രഭുദേവ അടുത്തിടെ കേരളത്തിലെത്തിയിരുന്നു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് താരം മടങ്ങിയത്.















