സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് മാർഗങ്ങൾ അന്വേഷിക്കുന്നവരാണോ..? എങ്കിൽ നിങ്ങൾക്കിത് ഉപകാരപ്രദം. സ്ത്രീകൾ എപ്പോഴും മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും മാർഗങ്ങൾ അന്വേഷിക്കാറുണ്ട്. കൂടുതൽ പേരും അതിന് ആശ്രയിക്കാറുള്ളത് സമൂഹമാദ്ധ്യമങ്ങളെയാണ്. അതിൽ കാണിക്കുന്ന പല ടിപ്സുകളും വീട്ടിൽ പരീക്ഷിച്ച് നോക്കുന്നവരുമുണ്ട്. കടലമാവും, കാപ്പിപൊടിയും, തക്കാളിയും, ഐസ് ക്യൂബുമൊക്കെ അത്തരത്തിൽ ഒരുപാട് പേർ പരീക്ഷിച്ച് ഏറെ ശ്രദ്ധേയമായി ബ്യൂട്ടു ടിപ്പ്സുകളാണ്.
സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാരും സൗന്ദര്യ വർദ്ധിത ഉത്പന്നങ്ങൾ പരീക്ഷിക്കാറുണ്ട്. പല തരത്തിലുള്ള ക്രീമുകളുടെയും ഫെയ്സ് വാഷുകളുടെയും ദോഷവശങ്ങൾ മനസിലാക്കികൊണ്ട് അവ ഉപേക്ഷിച്ച് പഴമയിലേക്ക് പോകുന്നവരാണ് ഇന്നത്തെ തലമുറ. മുഖത്തിന് തിളക്കം വരുത്തുന്നതിനും കറുത്ത പാടുകൾ മാറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം.
ഒരുപാട് പേർ കഞ്ഞിവെള്ളത്തിന്റെ ഉപയോഗങ്ങളെ കുറിച്ച് പങ്കുവച്ചിട്ടുണ്ടെങ്കിലും കഞ്ഞിവെള്ളത്തിലെ പ്രത്യേകതരം മണവും കൊഴുപ്പും നമുക്ക് ഉപയോഗിക്കാൻ മടിയാണ്. എന്നാൽ ഒരുപാട് ഗുണങ്ങളാണ് നമ്മൾ മുറ്റത്ത് കളയുന്ന കഞ്ഞിവെള്ളത്തിലുള്ളത്. ശരീരത്തിന് മാത്രമല്ല, മുടി കൊഴിച്ചിൽ മാറ്റുന്നതിനും മുഖകാന്തിക്കും അത്യുത്തമമാണ് കഞ്ഞിവെള്ളം.
കഞ്ഞിവെള്ളത്തിനകത്ത് പല തരത്തിലുള്ള ഫൈറ്റോ കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഇത് മുഖത്ത് തേയ്‌ക്കുന്നത് മുഖം തിളങ്ങുന്നതിനും മുഖത്തുള്ള കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുഖക്കുരു അകറ്റാനും കഞ്ഞിവെള്ളം നല്ലതാണ്.
മുടി പൊട്ടുന്നത് തടയുന്നതിനും താരൻ ഇല്ലാതാക്കുന്നതിനും കഞ്ഞിവെള്ളം സഹായിക്കുന്നു. എത്ര അളവിൽ കഞ്ഞിവെള്ളം എടുക്കുന്നുവോ അത്രയും അളവിൽ വെള്ളവുമായി ചേർക്കണം. ഇത് തലയോട്ടിൽ തേച്ചുകൊടുത്ത ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. രണ്ട് ദിവസം പഴക്കമുള്ള കഞ്ഞിവെള്ളവും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. പുളിച്ച കഞ്ഞിവെള്ളം താരൻ പോകാൻ ഉത്തമമാണ്.