രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂലിയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തെത്തിയത്. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. മാസ് ലുക്കിലുള്ള രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
നാഗർജുന, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ, സത്യരാജ് എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. ലോകേഷ്-രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. അധോലോക നായകനായിട്ടാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.
രജനികാന്ത് നായകനായെത്തുന്ന ചിത്രം വേട്ടയൻ ഒക്ടോബർ പത്തിന് റിലീസ് ചെയ്യും. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ തുടങ്ങിവരും ചിത്രത്തിലുണ്ട്.















