കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറസ്റ്റിൽ. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.
ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് തുടർച്ചയായി 15 ദിവസത്തോളം സന്ദീപ് ഘോഷിനെ ചോദ്യം ചെയ്തിരുന്നു. ഓരോ ദിവസവും 12 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു. ഇതേതുടർന്ന് കോളേജിൽ ഇയാൾ വൻ അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തി. അഴിമതിയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെ സഹപ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിബിഐക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
അഴിമതിയുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിന്റെ വീട്ടിലും സഹപ്രവർത്തകരുടെ വീട്ടിലും സിബിഐ പരിശോധനകൾ നടത്തിയിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സന്ദീപിനെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, സത്യസന്ധത ഇല്ലായ്മ, അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ ഏഴ് എന്നിവയാണ് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്. വനിതാ ഡോക്ടറിന്റെ കൊലപാതകത്തിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങളും ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങളും സിബിഐ നടത്തി വരികയാണ്.















