തിരുവനന്തപുരം: മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന വാർത്തകളിൽ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ കുറിച്ച് കൊച്ചിയിൽ നടന്ന യോഗത്തിലൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ ഇക്കാര്യത്തിൽ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി സ്ഥാനം മാറ്റുമെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. പാർട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ പറഞ്ഞിട്ടുണ്ടെന്നും എ. കെ ശശീന്ദ്രൻ പറഞ്ഞു. മന്ത്രിസ്ഥാനം മാറുന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും മന്ത്രിയെ മാറ്റുന്നത് അധികാര പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു പി സി ചാക്കോയുടെ പ്രതികരണം.
NCP യിലെ മന്ത്രി മാറ്റം അടിസ്ഥാന രഹിതമായ വാർത്തയെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ. മന്ത്രിയെ മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ്. ഇന്നു ചേർന്ന ഡി.സിസി പ്രസിഡൻ്റ് മാരുടെ യോഗം ഈ വിഷയം ചർച്ച ചെയ്തിരുന്നില്ലന്നും 19 ന് ചേരുന്ന മണ്ഡലം പ്രസിഡൻ്റുമാരുടെ യോഗത്തേക്കുറിച്ചായിരുന്നു ചർച്ച. ശശീന്ദ്രനെ മാറ്റുന്നതിനെ കുറിച്ച് ഇതുവരെ ആരും അഭിപ്രായം ആരാഞ്ഞിട്ടില്ലന്നും പി.സി ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനം വീതം വെക്കുമെന്ന ധാരണ ഉള്ളതായി അറിയില്ലന്നും ചാക്കോ പറഞ്ഞു.
എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ എൻസിപിയുടെ മന്ത്രിയാക്കും എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. എൻസിപിയുടെ മന്ത്രിസ്ഥാനം തീരുമാനിക്കുമ്പോൾ രണ്ടര വർഷം തോമസ് കെ തോമസിന് നൽകാം എന്ന ധാരണ ഉണ്ടായിരുന്നുവെന്നാണ് തോമസ് കെ തോമസ് പക്ഷത്തിന്റെ വാദം. ഈ മാസം 19 ന് കൊച്ചിയിൽ നടക്കുന്ന എൻസിപി മണ്ഡലം അധ്യക്ഷൻമാരുടെ യോഗം ഇരുകൂട്ടർക്കും നിർണായകമാകുമെന്നാണ് അറിയുന്നത്.