ഭോജ്പൂർ: ബിഹാർ മുൻ മുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി ജയ് സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംസ്ഥാനത്തിന്റെ വികസനത്തിന് നേതൃത്വം നൽകാൻ കഴിവുള്ള ഒരു വ്യക്തിയാണോ തേജസ്വി എന്നത് സംശയമുണർത്തുന്ന കാര്യമാണെന്ന് പ്രശാന്ത് കിഷോർ പറയുന്നു. ഭോജ്പൂരിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേജസ്വി യാദവിന്റെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്ത പ്രശാന്ത് കിഷോർ അദ്ദേഹത്തിന് ഒരു വിഷയത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലെന്നും പരിഹസിച്ചു. ” സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഒരാൾക്ക് വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ലെങ്കിൽ അത് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ആ വ്യക്തിയുടെ അച്ഛൻ മുഖ്യമന്ത്രിയാണ്, എന്നിട്ടും അയാൾക്ക് പത്താം ക്ലാസ് പാസ് ആകാൻ സാധിച്ചിട്ടില്ലെങ്കിൽ ആ വ്യക്തിക്കും കുടുംബത്തിനും വിദ്യാഭ്യാസത്തോടുള്ള സമീപനം എന്താണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും.
ഒൻപതാം ക്ലാസിൽ പരാജയപ്പെട്ട വ്യക്തിയാണ് ബിഹാറിനെ വികസനത്തിലേക്കുള്ള വഴി കാണിച്ചു തരുമെന്ന് പറയുന്നത്. ജിഡിപിയും ജിഡിപി ഗ്രോത്തും തമ്മിലുള്ള വ്യത്യാസം തേജസ്വിക്ക് അറിയില്ല. കുടുംബ ബന്ധങ്ങളുടെ ബലത്തിലാണ് തേജസ്വി രാഷ്‌ട്രീയത്തിലേക്കെത്തിയത്. ലാലു പ്രസാദ് യാദവിന്റെ മകൻ എന്നതിനപ്പുറമുള്ള ഒരു സ്ഥാനം തേജസ്വി ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് കഠിനാധ്വാനം ചെയ്യണം. സ്വന്തം പ്രവർത്തനങ്ങളിലൂടെയാണ് ഇത് തെളിയിക്കേണ്ടതെന്നും” പ്രശാന്ത് കിഷോർ പറയുന്നു.
ഈ മാസം 10ന് തേജസ്വിയുടെ നേതൃത്വത്തിൽ നടത്താനിരിക്കുന്ന സംസ്ഥാന പര്യടനത്തേയും അദ്ദേഹം വിമർശിച്ചു. ” വാഹനങ്ങളുടെ റാലിയും സ്റ്റേജിൽ നിന്ന് ഫോട്ടോ എടുക്കുന്നതുമല്ലാതെ കാൽനടയായി യാത്ര നടത്തി ജനങ്ങളുമായി സംവദിക്കാൻ തേജസ്വിക്ക് സാധിക്കുമോ. സർക്കാർ ജോലി സംബന്ധിച്ച് തേജസ്വി നടത്തുന്ന പ്രഖ്യാപനങ്ങൾ അങ്ങേയറ്റം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. അദ്ദേഹം നൽകുന്ന വാഗ്ദാനങ്ങൾ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങളേയും ബാധിക്കുന്നതല്ല. അദ്ദേഹത്തിന് ഒരു വിഷയത്തെക്കുറിച്ചും കൃത്യമായ ധാരണകളില്ല.
ഒരു പേപ്പർ കഷണം പോലും കയ്യിലില്ലാതെ അഞ്ച് മിനിറ്റ് സോഷ്യലിസത്തെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുമോ? അത്തരത്തിലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ആവശ്യമായ വിവരം തേജസ്വിക്കില്ല. ജാതി സെൻസസിനെ രാഷ്‌ട്രീയ നേട്ടം മാത്രമായിട്ടാണ് ഇവർ കാണുന്നത്. കോൺഗ്രസിനും ഇതും വെറും രാഷ്‌ട്രീയ തന്ത്രം മാത്രമാണ്. അത്രയധികം ആത്മാർത്ഥതയുള്ള ആളുകളാണെങ്കിൽ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത് ആദ്യം നടപ്പിലാക്കി കാണിക്കണമെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.