ഇടുക്കി: പാമ്പ് കടിയേറ്റ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പരേതരായ അയ്യപ്പന്റെയും സീതയുടെയും മകൻ സൂര്യയാണ് മരിച്ചത്.
കഴിഞ്ഞ 27-ന് സ്കൂളിൽ നിന്ന് മടങ്ങിയപ്പോൾ മുതൽ സൂര്യയുടെ കാലിൽ നീരുണ്ടായിരുന്നു. കളിക്കുന്നതിനിടെ കാൽ ഉളുക്കി നീര് കയറിയതാണെന്ന് കരുതി ഉടൻ ചികിത്സ തേടിയിരുന്നില്ല. ഇതിനിടെ തിരുമ് ചികിത്സയും നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ശരീരമാസകലം നീര് ബാധിച്ചതിനെ തുടർന്ന് വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തേനി മെഡിക്കൽ കേളേജിലെത്തിച്ചെങ്കിലും സൂര്യ മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് പാമ്പുകടിയേറ്റതായി അറിഞ്ഞത്. വണ്ടിപ്പെരിയാർ സർക്കാർ സ്കൂൾ വിദ്യാർത്ഥിയാണ്. മാതാപിതാക്കൾ മരിച്ചതോടെ സഹോദരി ഐശ്വര്യയ്‌ക്കും ഭർത്താവിനും ഒപ്പമായിരുന്നു സൂര്യ കഴിഞ്ഞിരുന്നത്.















