തൃശൂർ: പൂരം കലക്കിയതിൽ അന്വേഷണം അനിവാര്യമെന്ന് തിരുവമ്പാടി ദേവസ്വം. മേളം നിർത്താനും വെടിക്കെട്ട് നിർത്തി വയ്‌ക്കാനും നിർദ്ദേശം നൽകിയത് ദേവസ്വമാണ്. ഒരുതരത്തിലുള്ള ഗൂഢാലോചനയും അതിൽ നടന്നിട്ടില്ല. എന്നാൽ പൂരം കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങാതെ ആയതോടെ ഇതിന് പിന്നിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നുവെന്ന സംശയമുണ്ടെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു. പൂരം കലക്കിയതിനു പിന്നിൽ പൊലീസിന് പങ്കുണ്ടെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നുമുള്ള സിപിഐ നേതാവ് വി.എസ് സുനിൽകുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ പ്രതികരണം.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് സെക്രട്ടറി കെ ഗിരീഷ്‌കുമാർ പറഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്‌ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിലുണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ല. പ്രശ്നമുണ്ടാക്കാൻ പൊലീസ് തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നും തിരുവമ്പാടി ദേവസ്വം സംശയിക്കുന്നു. സുനിൽകുമാർ പറഞ്ഞതിൽ സത്യമുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം അലങ്കോലപ്പെടുത്താൻ വലിയ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നത് സത്യമാണെന്നാണ് വി.എസ് സുനിൽകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പൊലീസിന് പങ്കുണ്ടെന്നതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ എഡിജിപി എം.ആർ. അജിത് കുമാറിന് പങ്കുണ്ടോയെന്ന് ഉറപ്പില്ല. പി.വി അൻവർ എംഎൽഎ പറഞ്ഞ കാര്യങ്ങളല്ലാതെ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.