കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനായ വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ യുവതിയടക്കം രണ്ട് പേർ പിടിയിൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കോഴിക്കോട് സ്വദേശിനിയായ ആസ്യയും ഇവരുടെ സുഹൃത്തായ യുവാവുമാണ് പിടിയിലായത്.
വ്യാപാരിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇവർ പണം തട്ടിയത്. ആറ് ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതിന് പിന്നാലെ 50,000 രൂപ വയോധികൻ അയച്ചു നൽകിയിരുന്നു. തുടർന്നും പ്രതികൾ പണം ആവശ്യപ്പെട്ടതോടെ വയോധികൻ സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു.
സുഹൃത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയും യുവാവും പിടിയിലാവുകയായിരുന്നു. കേസിൽ രണ്ട് പേർ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.















