കൊൽക്കത്ത: കൊൽക്കത്ത കൊലപാതകത്തിൽ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കശാപ്പുകാരെന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎയും അഭിനേത്രിയുമായ അരുന്ധതി മൈത്ര(ലൗലി മൈത്ര). ബിജെപി നേതൃത്വം അരുന്ധതിയുടെ വിവാദ പ്രസ്താവനയടങ്ങുന്ന വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ചു. മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ചൂണ്ടുന്ന വിരലുകൾ എങ്ങനെ താഴ്ത്തണമെന്ന് തനിക്കറിയാമെന്നും അരുന്ധതി മൈത്രി മറ്റൊരു വീഡിയോയിൽ പറയുന്നുണ്ട്.
“തൃണമൂൽ എംഎൽഎ ലൗലി മൈത്ര ഇപ്പോൾ ഡോക്ടർമാരെ കശാപ്പുകാരുമായി താരതമ്യം ചെയ്യുന്നു! ദൈവം ഇവർക്ക് അസുഖമൊന്നും നൽകാതിരിക്കട്ടെ. അഥവാ വന്നാലും ഈ കശാപ്പുകാരുടെ അടുത്തൊന്നും അവർ ചികിത്സയ്ക്കായി പോകില്ലെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു. കൂടാതെ അവരുടെ ഭർത്താവ് തൃണമൂൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ,” എക്സിൽ പങ്കുവച്ച് വീഡിയോയ്ക്ക് ഒപ്പം ബംഗാൾ ബിജെപി ഘടകം നേതാവ് കേയ ഘോഷ് കുറിച്ചു.
“ഓരോ ദിവസവും ഡോക്ടർമാർ കശാപ്പുകാരായി മാറിക്കൊണ്ടിരിക്കുന്നു. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് ചികിത്സ കിട്ടുന്നില്ല. ഇവരൊക്കെ മനുഷ്യരാണോ, ഡോക്ടർമാർ കശാപ്പുകാരായി മാറിയിരിക്കുന്നു,” എന്നായിരുന്നു വനിതാ എംഎൽഎ യുടെ വിവാദ പ്രസ്താവന. പ്രതിഷേധിക്കുന്ന ഡോക്ടർമാർക്ക് നേരെയുള്ള ഭീഷണിയായിരുന്നു മറ്റൊന്ന്. വീഡിയോകൾ ബിജെപി സാമൂഹ്യ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇവർക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഭവത്തിൽ തൃണമൂൽ എംഎൽഎ ഇതുവരെ പ്രതികരിയ്ക്കാൻ തയാറായിട്ടില്ല.