തൃശൂർ: പൂരം അലങ്കോലമായ വിഷയത്തെക്കുറിച്ച് മുൻ മന്ത്രി വിഎസ് സുനിൽകുമാർ ഉയർത്തിയത് വിചിത്രവാദങ്ങളെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ. ബിജെപിയും കേരളാ പൊലീസും ചേർന്ന് ഗൂഢാലോചന നടത്തിയാണ് തൃശൂർ പൂരം അലങ്കോലമാക്കിയതെന്ന സുനിൽകുമാറിന്റെ വാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൂരം അലങ്കോലമാക്കിയതിന്റെ പാപഭാരത്തിൽ നിന്ന് കൈകഴുകാനുള്ള ശ്രമമാണ് ഇപ്പോൾ ഇടതുപക്ഷം നടത്തുന്നത്. ദേവസ്വം ബോർഡ് അധികൃതരുമായി അനുനയ സംഭാഷണം നടത്തി പൂരം പുനരാരംഭിക്കുന്നതിന് പ്രധാനപങ്കുവഹിച്ച സുരേഷ് ഗോപിയേയും ബിജെപിയെയും അപകീർത്തിപ്പെടുത്തുന്നതാണ് സുനിൽകുമാറിന്റെ പ്രസ്താവന. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്വം എൽഡിഎഫിന് മാത്രമാണ്. പിണറായി വിജയന്റെ പൊലീസുമായി ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണം തീർത്തും ബാലിശമാണെന്നും കെകെ അനീഷ് കുമാർ ചൂണ്ടിക്കാട്ടി.
കേരളം ഭരിക്കുന്നത് ബിജെപിയല്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് കെ. സുരേന്ദ്രനുമല്ല. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നത്. പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ പൊലീസുമായി ബിജെപി ഗൂഢാലോചന നടത്തിയെന്നത് ബാലിശമായ വാദഗതിയാണ്. ഇവിടെ ഇടതുപക്ഷത്തിനും സിപിഎമ്മിനും മാത്രമാണ് പൊലീസുമായി ഗൂഢാലോചന നടത്താൻ കഴിയുകയെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു.
പൂരത്തിന് മുന്നോടിയായി വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. വി.എസ് സുനിൽകുമാറും കെ. രാജനുമാണ് ആ ഗൂഢാലോചന പൊലീസുമായി നടത്തി പൂരം അട്ടിമറിക്കാൻ നിർദ്ദേശം നൽകിയത്. പൂരം അട്ടിമറിക്കുക എന്നത് ഇടതുപക്ഷത്തിന് നയമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇടതുപക്ഷത്തിന്റെ രീതിയാണ്. ക്ഷേത്രത്തിലെ ഉത്സവങ്ങളെയും ആചാരങ്ങളെയും തകർക്കുകയെന്നത് ഇടതുപക്ഷത്തിന്റെ നയമാണ്.
വിശ്വാസികളെ വിശ്വാസങ്ങളായി ബന്ധിപ്പിച്ച് കാണാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. അതിനെ രാഷ്ട്രീയമായാണ് നോക്കിക്കാണുന്നത്. വിശ്വാസങ്ങളെ അവജ്ഞയോടെ കാണുന്ന, വിശ്വാസങ്ങൾ മ്ലേച്ഛമായി കരുതുന്ന ഇടതുപക്ഷത്തിന്റെ മനസിലിരുപ്പിന്റെ പ്രതിഫലനമാണ് പൂരം കലക്കല്. ഉത്സവങ്ങൾ ബിജെപിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള പരിപാടിയെന്ന തരത്തിലാണ് ഇടതുപക്ഷം നോക്കിക്കാണുന്നത്. എല്ലാതിനെയും രാഷ്ട്രീയമായി കാണുന്നതാണ് സിപിഎമ്മിന്റെ നയം.
പൂരം അലങ്കോലമാക്കിയതിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഉത്തരവാദി ഇടതുപക്ഷം മാത്രമാണ്. തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നുപേരുടെ ചെവിയിൽ ചെമ്പരത്തി വിരിഞ്ഞു. ഒന്ന് പ്രതാപന്റെ ചെവിയിലും രണ്ടാമത്തേത് കെ. മുരളീധരന്റെ ചെവിയിലും ആയിരുന്നു. മൂന്നാമത്തെ ചെമ്പരത്തി സുനിൽകുമാറിന്റെ ചെവിയിലാണെന്ന് ഇപ്പോൾ തെളിഞ്ഞു. പൂരം അട്ടിമറിച്ചതിന് പിന്നിൽ, അന്നേദിവസം ചുമതലയിൽ ഉണ്ടായിരുന്ന എല്ലാ പൊലീസുകാർക്കും പങ്കുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നതാണ് ബിജെപി നിലപാടെന്നും അദ്ദേഹം പറഞ്ഞു.