കാര്യവട്ടം: കേരള ക്രിക്കറ്റ് ലീഗിന് തിരി തെളിഞ്ഞതോടെ സെലിബ്രിറ്റികളുടെയും സിനിമാ താരങ്ങളുടെയും സാന്നിധ്യവും ചർച്ചയാകുകയാണ്. ഉദ്ഘാടന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി ടീമിന്റെ ഉടമസ്ഥർ കൂടിയായ സംവിധായകൻ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങിയവർ ഉൾപ്പെടെയുള്ള താരങ്ങളാണ് എത്തിയത്. താരപ്രഭയഭയുടെ മാറ്റ് കൂട്ടി മോഹൻലാലുമെത്തി.
ഉദ്ഘാടന ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൻഡ്രം- കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തുകയായിരുന്നു. ബ്രാൻഡ് അംബാസർ കൂടിയാണ് അദ്ദേഹം. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന അവസരങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും അദ്ദേഹം കമന്റേറ്റർമാരുമായും സംസാരിച്ചു.
മഴ കളിയിൽ തടസം സൃഷ്ടിച്ചെങ്കിലും വിജയത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. കാണികൾക്ക് മികച്ചൊരു മത്സരാനുഭവം സമ്മാനിച്ച ഇരു ടീമുകളിലെയും താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സഹ ഉടമകളായ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം എന്നിവരും മത്സരം കാണാനുണ്ടായിരുന്നു.
ആദ്യ മത്സരത്തിലെ വിജയം നല്കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളിലും ട്രിവാൻഡ്രം ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് ഉടമകൾ പറഞ്ഞു.