എറണാകുളം: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അട്ടിമറിക്കാൻ എഡിജിപി എം ആർ അജിത്കുമാർ ശ്രമിച്ചെന്ന് ആരോപണം. സന്നദ്ധ സംഘടനകൾ ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യരുതെന്ന് പറഞ്ഞ് അജിത്കുമാർ അനാവശ്യ വിവാദം സൃഷ്ടിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.
വയനാട് സിപിഐയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു പറഞ്ഞു.
ആരോപണങ്ങൾക്കിടയിലും അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനിടെയാണ് കൂടുതൽ ആരോപണവുമായി സിപിഐ തന്നെ എത്തിയിരിക്കുന്നത്. എഡിജിപി അജിത് കുമാർ ഭക്ഷണ വിതരണം തടസപ്പെടുത്തിയെന്നും മനഃപൂർവ്വം പ്രശ്നം രൂക്ഷമാക്കിയെന്നും സിപിഐ ആരോപിച്ചു.
രക്ഷാപ്രവർത്തന സമയത്ത് എല്ലാ പാർട്ടി സംഘടനകൾക്കും സന്നദ്ധ സംഘടനകൾക്കുമിടയിൽ ചില പ്രശ്നങ്ങൾ ഉയർന്നിരുന്നു. ആ ഒരു സാഹചര്യം സൃഷ്ടിച്ചത് അജിത് കുമാറാണെന്നും ഇത് സർക്കാരിനെതിരെ ജനങ്ങളെ വഴിതിരിച്ച് വിടുന്നതിന് വേണ്ടിയാണെന്നും സിപിഐ ആരോപിച്ചു. പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.















